ബീമാപള്ളി പൊലീസ് വെടിവെപ്പിന് തിങ്കളാഴ്ച 12 ആണ്ട് പൂര്‍ത്തിയാകുമ്ബോള്‍ വെടിയേറ്റ് മരിച്ചവര്‍ വിസ്മൃതിയിലേക്ക്. വെടിവെപ്പിന്റെ ഓര്‍മദിനത്തില്‍ ഇവര്‍ക്കായി അനുസ്മരണങ്ങള്‍ സംഘടിപ്പിച്ചിരുന്നവര്‍ പോലും ഇവരെ മറന്ന അവസ്ഥയാണ്.
ഒരു ദേശത്തിന്റെ നെഞ്ചിലേക്ക് പൊലീസ് നടത്തിയ സമാനതകളില്ലാത്ത ഭീകരതയില്‍, ബീമാപള്ളി കടപ്പുറത്ത് ആറുപേരാണ് മരിച്ചുവീണത്. 52 പേര്‍ക്ക് ഗുരുതര പരിക്കേറ്റിരുന്നു. ഉറ്റവരുടെ വേര്‍പാട് സൃഷ്ടിച്ച വ്യഥയിലും ഒറ്റപ്പെടലിലും ഇരകളുടെ കുടുംബങ്ങള്‍ ഇന്നും വേദനയിലാണ്.
പല കുടുംബങ്ങള്‍ക്കും അത്താണികളെയാണ് നഷ്ടമായത്. വെടിവെപ്പില്‍ ഗുതരമായി പരിക്കേറ്റ നിരവധി പേര്‍ ഇന്നും പണിക്കുപോകാന്‍ കഴിയാതെ വീടുകളില്‍ കിടക്കുകയാണ്. കൃത്യമായി ചികിത്സകിട്ടാതെ വര്‍ഷങ്ങളോളം നരകവേദന അനുഭവിച്ച് മരിച്ചവരുടെ കുടുംബങ്ങളും ദുരിതത്തിലാണ്. ചിലര്‍ നരകവേദനയുമായി ജീവിതം തള്ളിനീക്കുന്നു.