സര്‍ക്കാര്‍ ആശുപത്രിയില്‍ നവജാതശിശുവിനെ എലി കടിച്ചതായി പരാതി. മധ്യപ്രദേശിന്റെ തലസ്ഥാന നഗരമായ ഭോപ്പാലിലെ മഹാരാജ യശ്വന്ത്റാവു ആശുപത്രിയില്‍ നിന്നാണ് ഞെട്ടിക്കുന്ന സംഭവം റിപ്പോര്‍ട്ട് ചെയ്തിരിക്കുന്നത്.
ഇവിടെ നവജാത ശിശുക്കളെ കിടത്തുന്ന നഴ്സറി കെയര്‍ യൂണിറ്റിലുണ്ടായിരുന്ന കുഞ്ഞിന്റെ കാലിലാണ് എലി കടിച്ചത്. ആശുപത്രി ജീവനക്കാരുടെ ഭാഗത്തു നിന്നുണ്ടായ അനാസ്ഥ വെളിവാക്കുന്ന സംഭവത്തില്‍ അന്വേഷണത്തിന് ഉത്തരവിട്ടിരിക്കുകയാണ് അധികൃതര്‍.
‘സര്‍ക്കാര്‍ അധീനതയിലുള്ള മഹാരാജ യശ്വന്ത്റാവു ആശുപത്രിയിലെ നഴ്സറി കെയര്‍ യൂണിറ്റില്‍ ഒരു നവജാത ശിശുവിന് എലിയുടെ കടിയേറ്റ വിവരം ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ട്. സംഭവം അന്വേഷിക്കും’
എന്നാണ് സൂപ്രണ്ടന്റ് ഡോ. പ്രമേന്ദ്ര താക്കൂര്‍ അറിയിച്ചത്. നവജാത ശിശുവിന് എലിയുടെ കടിയേറ്റെന്ന വിവരം സ്ഥിരീകരിച്ച അദ്ദേഹം പക്ഷെ ഇത് സംബന്ധിച്ച കൂടുതല്‍ വിവരങ്ങള്‍ പുറത്തുവിട്ടിട്ടില്ല.
സംഭവം വിശദമായി തന്നെ അന്വേഷിക്കുമെന്നാണ് അറിയിച്ചിരിക്കുന്നത്. ഇതിനായി രണ്ട് ഡോക്ടര്‍മാരും അഡ്മിനിസ്ട്രേറ്റിവ് ഉദ്യോഗസ്ഥനും ഉള്‍പ്പെടുന്ന മൂന്നംഗ കമ്മിറ്റിക്കും രൂപം നല്‍കിയിട്ടുണ്ട്.