കൊവിഡ് പ്രതിരോധിക്കുന്നതിന്റെ ഭാഗമായി രാജ്യത്ത് ഏര്‍പ്പെടുത്തിയ ലോക്ക്ഡൗണ്‍ പത്താഴ്ചയെങ്കിലും തുടരണമെന്ന് മുന്നറിയിപ്പ്. ഇന്ത്യയുടെ രണ്ടാം ഘട്ട ലോക്ക് ഡൗണ്‍ മെയ് മൂന്നിന് അവസാനിക്കും.
എന്നാല്‍ ലോക്ക് ഡൗണ്‍ ഇനിയും നീട്ടണമെന്നാണ് ആരോഗ്യവിദഗ്ധര്‍ അടക്കമുള്ളവര്‍ അഭിപ്രായപ്പെടുന്നത്. പ്രമുഖ ആരോഗ്യ മാസികയായ ലാന്‍സെറ്റിന്റെ എഡിറ്റര്‍ ഇന്‍ ചീഫ് റിച്ചാര്‍ഡ് ഹോര്‍ട്ടണ്‍ ഇന്ത്യാടുഡെയ്ക്ക് നല്‍കിയ അഭിമുഖത്തിലാണ് മുന്നറിയിപ്പ്.
ഇന്ത്യയിലെ ലോക്ക് ഡൗണ്‍ ഫലപ്രദമാകണമെങ്കില്‍ പത്ത് ആഴ്ച സമയം നല്‍കണമെന്നാണ് അദ്ദേഹം അഭിപ്രായപ്പെടുന്നത്. ഇന്ത്യയില്‍ വാണിജ്യപ്രവര്‍ത്തനങ്ങള്‍ പുനരാരംഭിക്കേണ്ടതാണ്. എന്നാല്‍ അതിനായി ധൃതി കൂട്ടരുത്.
ലോക്ക്ഡൗണ്‍ ഒഴിവാക്കാന്‍ ധൃതി കൂട്ടി വൈറസിന്റെ രണ്ടാം വ്യാപനം ഉണ്ടായാല്‍ അത് ആദ്യത്തേതിനേക്കാള്‍ ഗുരുതരമായിരിക്കും. അങ്ങനെയുണ്ടായാല്‍ ആദ്യം മുതല്‍ വീണ്ടും ആരംഭിക്കേണ്ടിവരും.
ലോക്ക്ഡൗണിനായി ഏറെ സമയവും അധ്വാനവും ചെലവിട്ടു കഴിഞ്ഞു. അതു പാഴാക്കരുത്. കഴിയുമെങ്കില്‍ പത്താഴ്ച വരെ ലോക്ഡൗണ്‍ തുടര്‍ന്നു കൊണ്ടുപോകണമെന്ന് അദ്ദേഹം പറയുന്നു.
ഈ സമയം രോഗവ്യാപനം കുറയുന്നുണ്ടോ എന്ന് നിരീക്ഷിക്കണം. 10 ആഴ്ചയുടെ അവസാനത്തോടെ രോഗവ്യാപനം കുറയുകയാണെങ്കില്‍ നിങ്ങള്‍ക്ക് സാധാരണ നിലയിലേക്ക് മാറാം.
എങ്കിലും പഴയതു പോലെയല്ല, സാമൂഹിക അകലം പാലിക്കണം, മാസ്‌കുകള്‍ ധരിക്കണം, വ്യക്തിശുചിത്വം പാലിക്കണം- ദേശീയ മാധ്യമത്തിന് നല്‍കിയ അഭിമുഖത്തില്‍ റിച്ചാര്‍ഡ് അഭിപ്രായപ്പെട്ടു.
ചൈനയിലെ വുഹാനില്‍ ഏര്‍പ്പെടുത്തിയ പത്ത് ആഴ്ച നീണ്ട കര്‍ശന ലോക്ക്ഡൗണിന്റെ ഗുണങ്ങളെ കുറിച്ചും അദ്ദേഹം പറഞ്ഞു. വുഹാനില്‍ പത്താഴ്ചയിലേറെ നീണ്ട ലോക്ക്ഡൗണ്‍ കൊണ്ടാണു രോഗം നിയന്ത്രണ വിധേയമാക്കിയത്. അവരിപ്പോള്‍ പഴയ സ്ഥിതിയിലേക്കു മടങ്ങിയിട്ടുണ്ട്.