എസ്‌എസ്‌എല്‍സി, പ്ലസ് ടു പരീക്ഷകള്‍ നടത്തുന്നതിനുള്ള മുന്നൊരുക്കങ്ങള്‍ പൊതുവിദ്യാഭ്യാസ വകുപ്പ് സ്വീകരിച്ചു. മെയ് 26 മുതല്‍ 30 വരെയാണ് പരീക്ഷ നടക്കുക. കൊറോണ അവലോകന യോഗത്തിന് ശേഷം നടന്ന വാര്‍ത്താസമ്മേളനത്തിലാണ് മുഖ്യമന്ത്രി ഇക്കാര്യം അറിയിച്ചത്.
ആരോഗ്യ സുരക്ഷാ മാനദണ്ഡങ്ങള്‍ കര്‍ശനമായി പാലിച്ചുകൊണ്ടാകും പരീക്ഷകള്‍ നടത്തുക. വിദ്യാര്‍ത്ഥികളെ പരീക്ഷ കേന്ദ്രങ്ങളിലേക്ക് എത്തിക്കുന്നതിന് അതാത് വിദ്യാലയങ്ങള്‍ തന്നെ മുന്‍കൈ എടുക്കണം.
സംസ്ഥാനത്തിന് പുറത്തു നിന്നും പരീക്ഷ എഴുതാന്‍ എത്തുന്ന വിദ്യാര്‍ത്ഥികള്‍ക്ക് പ്രത്യേക സൗകര്യം ഒരുക്കും. എല്ലാ വിദ്യാര്‍ത്ഥികളെയും തെര്‍മല്‍ സ്‌ക്രീനിങ്ങിന് വിധേയമാക്കിയ ശേഷമാകും പരീക്ഷ ഹാളില്‍ എത്തിക്കുക.
സ്‌കൂളുകളും അണുവിമുക്തമാക്കും. പരീക്ഷ കഴിഞ്ഞ് വീട്ടിലെത്തുന്ന വിദ്യാര്‍ത്ഥികള്‍ ശരീരം സോപ്പ് ഉപയോഗിച്ച് വൃത്തിയാക്കിയ ശേഷം മാത്രമേ വീട്ടുകാരുമായി സമ്ബര്‍ക്കത്തിലേര്‍പ്പെടാവൂ.
കര്‍ശനമായ ആരോഗ്യ സുരക്ഷാമാനദണ്ഡങ്ങള്‍ പാലിച്ചുകൊണ്ട് പരീക്ഷ നടത്തുന്നതിനാവശ്യമായ നിര്‍ദ്ദേശങ്ങള്‍ വിദ്യാഭ്യാസ ഓഫീസര്‍മാര്‍ക്കും പ്രഥമാദ്ധ്യാപകര്‍ക്കും നല്‍കിയിട്ടുണ്ട്.
പരീക്ഷ നടക്കുന്ന എല്ലാ സ്കൂളുകളും ഫയര്‍ ഫോഴ്സിന്റെ സഹായത്തോടെ അണുവിമുക്തമാക്കും. പരീക്ഷ നടക്കുന്ന എല്ലാ സ്കൂളുകളിലേക്കുമായി 5000 ഐആര്‍ തെര്‍മ്മോ മീറ്റര്‍ വാങ്ങും.
ആവശ്യമായ സാനിറ്റൈസര്‍, സോപ്പ് എന്നിവയും ലഭ്യമാക്കും. പരീക്ഷയുമായി ബന്ധപ്പെട്ട് കുട്ടികള്‍ പാലിക്കേണ്ട ആരോഗ്യ ചിട്ടകളടങ്ങിയ അറിയിപ്പും മാസ്ക്കും കുട്ടികള്‍ക്ക് വീട്ടിലെത്തിക്കും.
ലോക്ക്ഡൗണിന് ശേഷം സംസ്ഥാനത്തെ കോളെജുകള്‍ തുറന്ന് പ്രവര്‍ത്തിക്കുന്നതിന് ആവശ്യമായ മാര്‍ഗനിര്‍ദേശങ്ങള്‍ തയ്യാറാക്കിയിട്ടുണ്ട്. ജൂണ്‍ ഒന്ന് മുതല്‍ കോളെജുകള്‍ തുറന്ന് പ്രവര്‍ത്തിക്കുന്നതിന് ആവശ്യമായ നടപടികള്‍ സ്വീകരിക്കാനാണ് നിര്‍ദേശം.