യെമന്‍കാരനായ പങ്കാളിയെ വെട്ടിനുറുക്കി കഷണങ്ങളാക്കി വീട്ടിലെ വാട്ടര്‍ടാങ്കില്‍ തള്ളിയ സംഭവത്തില്‍ മലയാളിയുവതിയുടെ വധശിക്ഷ കോടതി ശരിവെച്ചു.
യെമന്‍ കോടതിയാണ് കീഴ്‌ക്കോടതി വിധി ശരിവെച്ചത്. പാലക്കാട് കൊല്ലങ്കോട് സ്വദേശി നിമിഷ പ്രിയയുടെ ശിക്ഷയാണ് യെമനിലെ മേല്‍കോടതി ശരിവെച്ചത്.
കൊലപാതകത്തിന് സഹായിച്ച നഴ്‌സ് ഹനാനെ ജീവപര്യന്തം തടവിനും കോടതി ശിക്ഷിച്ചു. യമനിലെ അല്‍ ദൈദിലാണ് ക്രൂരമായ കൊലപാതകം അരങ്ങേറിയത്. യെമനില്‍ ഒന്നിച്ചു
താമസിച്ചിരുന്ന തലാല്‍ അബ്ദു മഹ്ദിയെയാണ് വെട്ടിനുറുക്കി കഷണങ്ങളാക്കി ചാക്കില്‍ പൊതിഞ്ഞ് ഇവര്‍ താമസിക്കുന്ന ഫ്‌ലാറ്റിനു മുകളിലെ കുടിവെള്ള ടാങ്കില്‍ തള്ളിയത്.
നാല് ദിവസത്തിന് ശേഷം ദുര്‍ഗന്ധം വമിച്ചപ്പോഴാണു സമീപവാസികള്‍ വിവരമറിയുന്നത്. തലാല്‍ അബ്ദു മഹ്ദിയുമൊന്നിച്ചു ക്ലിനിക്ക് നടത്തുകയായിരുന്നു നിമിഷപ്രിയ. തലാല്‍ തന്നെ വഞ്ചിച്ച് ലക്ഷക്കണക്കിനു രൂപ തട്ടിയെടുത്തെന്ന് നിമിഷപ്രിയ നേരത്തെ വീട്ടുകാര്‍ക്ക് അയച്ച കത്തില്‍ ആരോപിച്ചിരുന്നു.
പാസ്പോര്‍ട്ട് പിടിച്ചുവച്ചു നാട്ടില്‍ വിടാതെ പീഡിപ്പിക്കുക, ലൈംഗിക വൈകൃതങ്ങള്‍ക്കായി ഭീഷണിപ്പെടുത്തുക എന്നിങ്ങനെ കൊടിയ പീഡനങ്ങള്‍ക്ക് ഇരയായതായി കത്തില്‍ പറയുന്നു. തോക്കു ചൂണ്ടി പല തവണ ഭീഷണിപ്പെടുത്തിയതായും പറയുന്നു.
യെമനില്‍ എത്തിയതു മുതല്‍ ജയിലിലായതു വരെയുള്ള കാര്യങ്ങള്‍ 12 പേജുള്ള കത്തില്‍ സൂചിപ്പിച്ചിരുന്നു. നഴ്സായി ജോലി ചെയ്യുന്നതിനിടെ സ്വന്തമായി ക്ലിനിക്ക് തുടങ്ങാന്‍ 2014ല്‍ ആണു തലാലിന്റെ സഹായം നിമിഷപ്രിയ തേടിയത്.
താന്‍ ഭാര്യയാണെന്നു തലാല്‍ പലരെയും വിശ്വസിപ്പിച്ചെന്നും വ്യാജ വിവാഹ സര്‍ട്ടിഫിക്കറ്റുണ്ടാക്കിയെന്നും നിമിഷപ്രിയ ആരോപിക്കുന്നു. പിന്നീടു ഭീഷണിപ്പെടുത്തി മതാചാരപ്രകാരവും വിവാഹം നടത്തി.
ക്ലിനിക്ക് തുടങ്ങാന്‍ സഹായിച്ചെങ്കിലും വരുമാനം മുഴുവന്‍ തലാല്‍ സ്വന്തമാക്കി. സ്വര്‍ണാഭരണങ്ങളും തട്ടിയെടുത്തു വിറ്റു എന്നും നിമിഷപ്രിയ കത്തില്‍ വിവരിച്ചിരുന്നു.