പുതുവർഷത്തോടുകൂടി വൊഡാഫോൺ ഐഡിയ, എയർടെൽ എന്നീ കമ്ബനികൾ കാൾനിരക്ക് ഉയർത്തുന്നതോടെ ബില്ലിൽ 15 മുതൽ 20ശതമാനം വരെ വർദ്ധന ഉണ്ടായേക്കുമെന്ന് റിപ്പോർട്ട്.
നഷ്ടം നികത്താനും സാമ്ബത്തിക നില മെച്ചപ്പെടുത്താനുമാണ് കമ്ബനികൾ കാൾനിരക്ക് ഉയർത്തുന്നത്. എന്നാൽ റിലയൻസിന്റെ ജിയോ കാൾ നിരക്കുകൾ കൂട്ടുമോ എന്ന കാര്യത്തിൽ ഇനിയും വ്യക്തമായ ധാരണയായിട്ടില്ല.
അതേസമയം ജിയോയുടെ നീക്കം മറ്റുകമ്ബനികളും നിരീക്ഷിച്ചുകൊണ്ടിരിക്കുകയാണ്. ഏകപക്ഷീയമായ നിരക്ക് കൂട്ടിയാൽ ഉപഭോക്താക്കളെ നഷ്ടപ്പെടുമോ എന്ന പേടിയും കമ്ബനികൾക്കിടയിൽ ഉണ്ട്.
ജിയോയുടെ തീരുമാനം അനുകൂലമല്ലെങ്കിൽ നിരക്കുവർദ്ധന വൈകിപ്പിക്കാനും സാധ്യതയുണ്ട്. 2019ലാണ് മൂന്ന് ടെലികോം കമ്ബനികൾ അവസാനമായി താരിഫ് നിരക്ക് ഉയർത്തിയത്.
ടെലികോം രംഗത്ത് ജിയോ വന്ന 2016ന് ശേഷമുള്ള ആദ്യ വർധനയായിരുന്നു ഇത്. നിലവിൽ ഒരു ഉപയോക്താവിൽ നിന്നുള്ള വൊഡഫോൺ- ഐഡിയയുടെ ശരാശരി വരുമാനം 119 ആണ്. എയർടെൽ, ജിയോ എന്നിവയുടെ യഥാക്രമം 162, 145 എന്നിങ്ങനെയാണ്.
നിലവിലുള്ള താരിഫ് നിരക്ക് കൊണ്ട് ഒരു പ്രയോജനവുമില്ല എന്ന് പറഞ്ഞ വൊഡഫോൺ- ഐഡിയ എംഡി നിരക്ക് ഉയർത്തുന്നതിൽ ഒരുവിധത്തിലും കമ്ബനി മടിച്ചുനിൽക്കില്ലെന്നും മുന്നറിയിപ്പ് നൽകി.