സ്കൂള്‍ നാളെ മുതല്‍ തുറക്കുമ്പോള്‍ ഒരേസമയം 50% കുട്ടികളെ മാത്രമേ അനുവദിക്കാവൂ എന്നും ആദ്യത്തെ ആഴ്ച ഒരു ബെഞ്ചില്‍ ഒരു കുട്ടി എന്ന നിലയില്‍ ക്ലാസുകള്‍ ക്രമീകരിക്കണമെന്നും വിദ്യാഭ്യാസവകുപ്പ് നിര്‍ദേശം നല്കി.
10, 12 ക്ലാസുകളില്‍ 300ല്‍ കൂടുതല്‍ കുട്ടികളുള്ള സ്കൂളുകളില്‍ ഒരേസമയം 25% കുട്ടികളെ അനുവദിക്കുന്നതാണ് ഉചിതമെന്നും പൊതുവിദ്യാഭ്യാസ ഡയറക്ടറുടെ മാര്‍ഗനിര്‍ദേശത്തില്‍ പറയുന്നു.
മറ്റു നിര്‍ദേശങ്ങള്‍
- സ്കൂളുകളില്‍ മാസ്ക്, ഡിജിറ്റല്‍ തെര്‍മോമീറ്റര്‍, സാനിറ്റൈസര്‍, സോപ്പ് എന്നിവ സജ്ജീകരിക്കണം.
- എത്തിച്ചേരാന്‍ കഴിയാത്ത കുട്ടികള്‍ക്ക് സമൂഹമാധ്യമങ്ങള്‍ വഴി ക്ലാസുകള്‍ നല്‍കാം.
- രക്ഷിതാക്കളുടെ സമ്മതപത്രമുണ്ടെങ്കില്‍ മാത്രമേ കുട്ടികളെ പ്രവേശിപ്പിക്കാവൂ.
- ജനുവരി 15നകം 10-ാം ക്ലാസിന്റെയും 30നകം 12-ാം ക്ലാസിന്റെയും ഡിജിറ്റല്‍ ക്ലാസുകള്‍ പൂര്‍ത്തിയാകും.
- ആദ്യത്തെ ആഴ്ച രാവിലെ 3 മണിക്കൂര്‍, ഉച്ചയ്ക്കുശേഷം 3 മണിക്കൂര്‍ വീതമുള്ള 2 ഘട്ടങ്ങളായാണ് ക്ലാസുകള്‍ നിശ്ചയിക്കേണ്ടത്.
- ആവശ്യമെങ്കില്‍ ഷിഫ്റ്റ് സമ്പ്രദായം ഏര്‍പ്പെടുത്താം.
- കുട്ടികള്‍ തമ്മില്‍ 2 മീറ്റര്‍ ശാരീരിക അകലം പാലിക്കണം.
- ഒന്നിച്ചിരുന്ന് ആഹാരം കഴിക്കുന്നത് ഒഴിവാക്കണം. ഭക്ഷണം, ശുദ്ധജലം എന്നിവയും ക്ലാസില്‍ ഉപയോഗിക്കുന്ന വസ്തുക്കളും കുട്ടികള്‍ പങ്കുവയ്ക്കരുത്.
- ക്ലാസ് മുറികളുടെ വാതിലിന്റെ കൈപ്പിടി, ഡെസ്ക്, ഡസ്റ്റര്‍ എന്നിവ 2 മണിക്കൂര്‍ കൂടുമ്പോള്‍ സാനിറ്റൈസ് ചെയ്യണം.
- കുട്ടികള്‍ക്കും അധ്യാപകര്‍ക്കും ആവശ്യമെങ്കില്‍ ആരോഗ്യപരിശോധനാ സൗകര്യം ഒരുക്കണം.
- സ്കൂള്‍ വാഹനങ്ങളില്‍ സുരക്ഷിത അകലം നിര്‍ബന്ധം. വാഹനങ്ങളില്‍ കയറും മുമ്പ് തെര്‍മല്‍ പരിശോധന നടത്തണം.
മാസ്ക് നിര്‍ബന്ധം. - വിദ്യാര്‍ഥികള്‍ക്ക് മാനസിക പിന്തുണ ആവശ്യമെങ്കില്‍ കൗണ്‍സലിംഗ് നല്‍കണം. ഭിന്നശേഷിക്കാരായ കുട്ടികള്‍ക്ക് പ്രത്യേക പിന്തുണ നല്‍കണം.
- പ്രത്യേക പരിഗണന അര്‍ഹിക്കുന്ന കുട്ടികള്‍ക്ക് ആവശ്യമെങ്കില്‍ വീട്ടില്‍ ചെന്ന് പഠനപിന്തുണ നല്കാന് റിസോഴ്സ് അധ്യാപകരുടെ സേവനം പ്രയോജനപ്പെടുത്തണം.