പക്ഷിപ്പനിയെ സര്‍ക്കാര്‍ സംസ്ഥാന ദുരന്തമായി പ്രഖ്യാപിച്ചു. കോട്ടയം, ആലപ്പുഴ ജില്ലകളില്‍ അതീവ ജാഗ്രത പുറപ്പെടുവിച്ചതിന് പിന്നാലെയാണ് സര്‍ക്കാരിന്റെ തീരുമാനം. സംസ്ഥാനമെമ്ബാടും ജാഗ്രത പുലര്‍ത്താനും നിര്‍ദ്ദേശമുണ്ട്.
രണ്ട് ജില്ലകളിലെയും ചില ഭാഗങ്ങളില്‍ ചത്ത താറാവുകളുടെ സാമ്ബിളുകള്‍ പരിശോധിച്ചതിലൂടെയാണ് പക്ഷിപ്പനി സംസ്ഥാനത്ത് സ്ഥിരീകരിച്ചത്.
ആലപ്പുഴയിലെ നെടുമുടി, കരുവാറ്റ, തകഴി, പളളിപ്പാട് എന്നീ പഞ്ചായത്തുകളിലും കോട്ടയം നീണ്ടൂര്‍ പഞ്ചായത്തിലെ പതിനാലാം വാര്‍ഡിലുമാണ് പക്ഷിപ്പനി സ്ഥിരീകരിച്ചത്. പ്രതിരോധ നടപടികളുടെ ഭാഗമായി ആലപ്പുഴയില്‍ 34602 പക്ഷികളെയും കോട്ടയത്ത് മൂവായിരം പക്ഷികളേയും കൊന്നൊടുക്കും.
പക്ഷിപ്പനി കണ്ടെത്തിയ ഫാമുകളിലെ താറാവുകള്‍ക്ക് പുറമെ ഒരു കിലോമീറ്റര്‍ ചുറ്റളവിലുളള വളര്‍ത്തുപക്ഷികളെയടക്കം കൊല്ലാനാണ് തീരുമാനം. ഇതിനായി ജില്ലാഭരണകൂടം ദ്രുതകര്‍മ്മസേനയെ നിയോഗിച്ചിട്ടുണ്ട്. കേന്ദ്രസര്‍ക്കാര്‍ മാര്‍ഗനിര്‍ദേശ പ്രകാരമായിരിക്കും നടപടി.