ഫുട്ബാള്‍ ലോകത്തെ ഇതിഹാസ തുല്യനായ താരം ക്രിസ്റ്റ്യാനോ റൊണാള്‍ഡോക്ക് ഇന്ന് 36 ആം പിറന്നാള്‍. ലോകത്തെ ഇതിഹാസ താരങ്ങളിലൊരാളായ റോണോ എന്നും റെക്കോര്‍ഡുകളുടെ തോഴനായിരുന്നു.
തന്റെ കരിയറില്‍ ഇതുവരെ അഞ്ച് ബാല൯ ഡി ഓര്‍ പുരസ്കാരങ്ങള്‍ കരസ്ഥമാക്കിയിട്ടുണ്ട്. ഒരു വര്‍ഷത്തെ ഏറ്റവും മികച്ച സോക്കര്‍ താരത്തിനു ലഭിക്കുന്ന അവാര്‍ഡ് ആണിത്. 2002 ല്‍ ലീഗു മത്സരങ്ങളില്‍ അരങ്ങേറിയ റൊണാള്‍ഡോ അഞ്ച് യുവേഫ ചാംപ്യ൯സ് ലീഗ് ട്രോഫികള്‍ ഉള്‍പ്പെടെ 31 ട്രോഫികള്‍ കരസ്ഥമാക്കിയ ടീമിന്റെ ഭാഗമായിരുന്നു.
മാഞ്ചസ്റ്റര്‍ യുണൈറ്റഡിനു വേണ്ടിയുള്ള തന്റെ മികച്ച പ്രകടനം വഴിയാണ് ഈ പോര്‍ച്ചുഗീസ് താരം സോക്കര്‍ ലോകത്തെ ശ്രദ്ധ നേടി തുടങ്ങിയത്. പിന്നീട്, 80 മില്യണ് യൂറോ തുകക്ക് 2009-10 സീസണില്‍ റയല്‍ മാഡ്രിഡിലെത്തിയ താരത്തിന്റെ ചുവടുമാറ്റം അന്നത്തെ ഏറ്റവും വില പിടിപ്പുള്ള താര മാറ്റമായിരുന്നു. ലോകത്തെ ഏറ്റവും മൂല്യമുള്ള താരം,ഏറ്റവും കരുത്തനായ കായിക താരം ഇങ്ങനെ റോണോയെ തേടിയെത്തിയ പദവികള്‍ അനവധി. അമാനുഷികമെന്ന് കരുതുന്ന പല മുഹൂര്‍ത്തങ്ങളും അയാള്‍ മൈതാനത്ത് കാഴ്ചവെച്ചു. അതേസമയം, ലോകത്തെമ്ബാടുമുള്ള കാല്‍പന്തിനെ സ്നേഹിക്കുന്നവരുടെ ജീവിതത്തില്‍ വളരെ പ്രധാനപ്പെട്ട ദിനമാണ് ഫെബ്രുവരി 5. ഫുട്ബോള്‍ ഇതിഹാസങ്ങളായ മൂന്ന് പേരുടെ ജന്മദിനമാണ് ഇന്ന്. പി എസ് ജി, ബ്രസീല്‍ ടീമുകളുടെ താരമായ നെയ്മറും ജനിച്ചത് ഇതേ ദിവസം. ഇവര്‍ക്കൊപ്പം, മു൯ അര്‍ജന്റീന താരവും നിലവില്‍ ബൊക്കാ ജൂനിയേസിനു വേണ്ടി ബൂട്ടു കെട്ടുന്ന കാര്‍ലോസ് ടെവസും ജനിച്ച ദിവസം ഇന്നാണ്.