ഐ ലീഗിലെ കിരീടപ്പോരാട്ടത്തില്‍ നിര്‍ണായകമായ മത്സരത്തില്‍ മുഹമ്മദന്‍സിനെ മുട്ടുകുത്തിച്ച് ഗോകുലം കേരള എഫ്.സി. കിരീടത്തിനും ഗോകുലത്തിനുമിടയില്‍ ഇനി ഒരു വിജയത്തിന്‍റെ അകലം മാത്രം.
ഇന്നലെ നടന്ന മത്സരത്തില്‍ മുഹമ്മദന്‍സിനെ പരാജയപ്പെടുത്തിയതോടെയാണ് ഗോകുലം ലീഗില്‍ ഒന്നാം സ്ഥാനത്തേക്ക് മുന്നേറിയത്.
അതിവേഗം 100 ഗോളുകള്‍ നേടുന്ന ഏറ്റവും പ്രായം കുറഞ്ഞ താരമായി എംബാപ്പെ…Read more
ഒന്നിനെതിരെ രണ്ടു ഗോളുകള്‍ക്കായിരുന്നു ഗോകുലത്തിന്‍റെ ജയം. തകര്‍പ്പന്‍ ഫോമിലുള്ള ഘാന സ്ട്രൈക്കര്‍ ഡെന്നിസ് അഗ്യാരെയുടെ ഇരട്ട ഗോളുകളാണ് ഗോകുലത്തിന് വിജയം സമ്മാനിച്ചത്. ഇന്നലെ തന്നെ നടന്ന ചര്‍ച്ചില്‍ – ട്രാവു മത്സരം സമനിലയില്‍ കലാശിച്ചിരുന്നു (1-1).
ഇതോടെ ഗോകുലം, ചര്‍ച്ചില്‍, ട്രാവു എന്നിവര്‍ക്ക് 26 പോയിന്റ് വീതമായി. പോയിന്റ് പട്ടികയില്‍ ഗോകുലം ഒന്നാമതെത്തിയത് ഗോള്‍ വ്യത്യാസത്തിന്‍റെ അടിസ്ഥാനത്തിലാണ്. 27ന് ഗോകുലവും ട്രാവുവും തമ്മില്‍ നടക്കുന്ന മത്സരത്തിലെ വിജയികള്‍ ഐ ലീഗ് കിരീടം ചൂടും.
ഫോട്ടോഫിനിഷിലേക്ക് നീങ്ങിയ ലീഗിലെ അവസാന റൗണ്ട് മത്സരങ്ങള്‍ മൂന്ന് ടീമുകള്‍ക്കും കിരീടം നേടുന്നതില്‍ നിര്‍ണായകമാണ്. 27ന് നടക്കുന്ന മത്സരങ്ങളില്‍ ഗോകുലം ട്രാവുവിനേയും ചര്‍ച്ചില്‍ ബ്രദേഴ്സ് പഞ്ചാബ് എഫ്സിയേയും നേരിടും.
ഗോകുലം – ട്രാവു മത്സരത്തിലെ വിജയികള്‍ക്ക് ഐ ലീഗ് കിരീടം സ്വന്തമാക്കാം. ഈ മത്സരം സമനിലയായാല്‍, ചര്‍ച്ചില്‍ പഞ്ചാബിനെ തോല്‍പ്പിച്ചാല്‍ അവര്‍ക്ക് കിരീടം സ്വന്തമാക്കാം. ചര്‍ച്ചില്‍ തോറ്റാലോ മത്സരം സമനിലയായാലോ കിരീടം ഗോകുലത്തിനു ലഭിക്കും.
അവസാന മത്സരവും ജയിച്ച് കിരീടം കോഴിക്കോട്ടേക്ക് തന്നെ കൊണ്ടുവരാനാകും ഗോകുലം ഇറങ്ങുക.