ബംഗാളില്‍ ആള്‍ക്കൂട്ട ആക്രമണത്തിനിരയായി കൊല്ലപ്പെട്ട ബിഹാറുകാരനായ പൊലീസുകാരന്‍റെ മൃതദേഹം കണ്ട മാതാവ് കുഴഞ്ഞ് വീണു മരിച്ചു. കിഷന്‍ഗഞ്ച് പൊലീസ് സ്റ്റേഷനിലെ
എസ്.എച്ച്.ഒയായ അശ്നി കുമാറാണ് പശ്ചിമ ബംഗാളിലെ ഉത്തര്‍ ദിനാജ്പൂര്‍ ജില്ലയിലെ ഗോല്‍ബോഖര്‍ പൊലീസ് സ്റ്റേഷന് പരിധിയില്‍ വെച്ച് കൊല്ലപ്പെട്ടത്. ശനിയാഴ്ചയായിരുന്നു ദാരുണ സംഭവം നടന്നത്.
ഇരുചക്ര വാഹന മോഷണവുമായി ബന്ധപ്പെട്ട് തെരച്ചിലിനായാണ് അദ്ദേഹം പന്തപാഡ ഗ്രാമത്തിലെത്തിയത്. അവിടെ വെച്ച് ആള്‍കൂട്ടം ആക്രമിക്കുകയായിരുന്നു. ശേഷം ഇദ്ദേഹത്തിന്‍റെ മൃതദേഹം സ്വന്തം നാടായ ജാനകി നഗറിലേക്ക് കൊണ്ടുപോയി.
സ്വന്തം മകന്‍റെ ചേതനയറ്റ ശരീരം കണ്ട 70കാരിയായ ഊര്‍മിള ദേവി കുഴഞ്ഞ് വീണ് മരിക്കുകയായിരുന്നു. അമ്മയുടെയും മകന്‍റെയും അന്ത്യകര്‍മ്മങ്ങള്‍ ഞായറാഴ്ച നാട്ടില്‍ വെച്ച് നടന്നു.
കുമാറിനൊപ്പം ബംഗാളില്‍ റെയ്ഡിനായി പോയ ഏഴ് പൊലീസുകാരെ സസ്പെന്‍ഡ് ചെയ്തു. ആള്‍കൂട്ടം ആക്രമിക്കാന്‍ വന്ന വേളയില്‍ സഹപ്രവര്‍ത്തകനെ സംരക്ഷിക്കാതെ രക്ഷപ്പെട്ടെന്ന് കാണിച്ചാണ് നടപടി. റെയ്ഡിനെത്തിയ സംഘത്തിന് ബംഗാള്‍ പൊലീസിന്‍റെ സഹായം ലഭിച്ചില്ലെന്ന് കിഷന്‍ഗഞ്ച് എസ്.പി കുമാര്‍ ആശിഷ് പറഞ്ഞു.