രാജ്യത്ത് കൊവിഡ് രണ്ടാം തരംഗം പടര്‍ന്നുപിടിക്കുന്ന സാഹചര്യത്തില്‍ മെയ് മാസത്തില്‍ നടത്താനിരുന്ന സിബിഎസ്‌ഇ പത്താം ക്ലാസ് പരീക്ഷകള്‍ റദ്ദാക്കി. എന്നാല്‍, 12ാം ക്ലാസ് പരീക്ഷകള്‍ നീട്ടിവച്ചു.
മെയ് 30 വരെയാണ് പരീക്ഷകള്‍ നടത്തേണ്ടതില്ലെന്ന് തീരുമാനിച്ചത്. പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ അധ്യക്ഷതയില്‍ ചേര്‍ന്ന നിര്‍ണായക യോഗത്തിലാണ് തീരുമാനം. പ്ലസ്ടു പരീക്ഷ നടത്തുന്നത് സംബന്ധിച്ച ഷെഡ്യൂള്‍ ജൂണ്‍ ഒന്നിന് ശേഷം ബോര്‍ഡ് പ്രഖ്യാപിക്കും.
പരീക്ഷകള്‍ ഓണ്‍ലൈനായാണോ നടത്തുന്നതെന്ന കാര്യവും പിന്നീട് തീരുമാനിക്കും. ഇന്റേണല്‍ വിലയിരുത്തലുകളുടെ അടിസ്ഥാനത്തിലായിരിക്കും 10ാതരം വിദ്യാര്‍ഥികളുടെ ഫലപ്രഖ്യാപനമുണ്ടാവുക.
വിദ്യാഭ്യാസ മന്ത്രി രമേശ് പൊഖ്രിയാല്‍, ഉന്നത ഉദ്യോഗസ്ഥര്‍ എന്നിവര്‍ യോഗത്തില്‍ പങ്കെടുത്തു. രാജ്യത്ത് കൊവിഡ് വ്യാപനം രൂക്ഷമാവുന്ന പശ്ചാത്തലത്തില്‍ സിബിഎസ്‌ഇ പൊതുപരീക്ഷകള്‍ റദ്ദാക്കുകയോ,
ഓണ്‍ലൈനായി നടത്തുകയോ ചെയ്യണമെന്നാവശ്യപ്പെട്ട് വിദ്യാര്‍ഥികളും രക്ഷിതാക്കളും വിവിധ സംസ്ഥാനങ്ങളിലെ മുഖ്യമന്ത്രിമാരും രാഷ്ട്രീയനേതാക്കളും ഉള്‍പ്പടെയുളളവര്‍ രംഗത്തെത്തിയിരുന്നു. ഇതിന്റെ പശ്ചാത്തലത്തിലാണ് പ്രധാനമന്ത്രിയുടെ അധ്യക്ഷതയില്‍ ഇന്ന് അടിയന്തരയോഗം ചേര്‍ന്നത്.