23 കാരിയായ ഇറ്റാലിയന്‍ യുവതിക്ക് അബദ്ധത്തില്‍ നല്‍കിയത് ആറ് ഡോസ് കോവിഡ് വാക്സിന്‍. മധ്യ ഇറ്റലിയിലെ ട്യുസ്കാനിയിലുള്ള നോവ ആശുപത്രിയിലാണ് സംഭവം. കൂടുതല്‍ ഡോഡ് വാക്സിന്‍ സ്വീകരിച്ചെങ്കിലും യുവതിക്ക് നിലവില്‍ ആരോഗ്യ പ്രശ്നങ്ങള്‍ ഒന്നും തന്നെ
ഇല്ലന്നാണ് റിപ്പോര്‍ട്ട്. ഫൈസര്‍ ബയോടെകിന്റെ ആറ് ഡോസ് വാക്സിനാണ് യുവതിയില്‍ അബദ്ധത്തില്‍ കുത്തിവെച്ചത്. ആശുപത്രിയിലെ ആരോഗ്യ പ്രവര്‍ത്തക വാക്സിന്‍ ഡപ്പിയില്‍ ഉണ്ടായിരുന്ന മുഴുവന്‍ ഡോസും
സിറിഞ്ചില്‍ നിറച്ചതാണ് സംഭവത്തിന് ഇടയാക്കിയത്. ആറ് ഡോസാണ് ഡപ്പിയില്‍ ഉണ്ടായിരുന്നത്. കുത്തിവെപ്പ് നല്‍കിയ ശേഷമാണ് തനിക്ക് പറ്റിയ അബദ്ധം ആരോഗ്യ പ്രവര്‍ത്തക മനസിലാക്കിയത്.
5 സിറിഞ്ചുകള്‍ ബാക്കിയായി കിടക്കുന്നത് കണ്ടതോടെയാണ് തെറ്റ് സംഭവിച്ച കാര്യം ഇവര്‍ അറിഞ്ഞതെന്ന് ആശുപത്രി വക്താവ് ഡാനിയെല്ല ഗിയാലെനി സിഎന്‍എന്‍ ടിവി യോട് പറഞ്ഞു. അബദ്ധം പറ്റിയെന്ന് മനസിലായ ഉടനെ വാക്സിന്‍ സ്വീകരിച്ച
യുവതിയെ 24 മണിക്കൂര്‍ നിരീക്ഷണത്തില്‍ വച്ചു. ആരോഗ്യ പ്രശ്നങ്ങളൊന്നും തന്നെ അനുഭവപ്പെടാതിരുന്ന യുവതി തിങ്കളാഴ്ച്ച ആശുപത്രി വിടുകയും ചെയ്തു. വാക്സില്‍ സ്വീകരിച്ച യുവതി പൂര്‍ണ്ണ ആരോഗ്യവതിയാണെന്നും
കൂടുതല്‍ ഡോസ് ശരീരത്തില്‍ ചെന്നതിന്റെ അടിസ്ഥാനത്തില്‍ യുവതിയിലെ രോഗ പ്രതിരോധ ശേഷിയുമായി ബന്ധപ്പെട്ടുണ്ടാകുന്ന ഓരോ കാര്യങ്ങളിലും ഡോക്ടര്‍മാര്‍ നിരീക്ഷണം തുടരുമെന്നും ആശുപത്രി അധികൃതര്‍ വ്യക്തമാക്കി.
ആശുപത്രിയിലെ തന്നെ സൈക്കോളജി ഡിപ്പാര്‍ട്ട്മെന്റി ഇന്റേണ്‍ഷിപ്പ് ചെയ്യുകയാണ് വാക്സിന്‍ സ്വീകരിച്ച യുവതി. ഇവരുടെ പ്രായത്തില്‍ ഉള്ളവര്‍ക്ക് നിലവില്‍ രാജ്യത്ത് വാക്സിന്‍
കൊടുക്കുന്നത് ആരംഭിച്ചിട്ടില്ല എങ്കിലും ആശുപത്രിയുമായി ബന്ധപ്പെട്ട് ജോലി ചെയ്യുന്നതിനാലാണ് ഇവര്‍ക്ക് വാക്സിന്‍ ലഭ്യമാക്കിയത്.