ഗുജറാത്ത് കരയിലേക്ക് വീശിയടിച്ച ടൗടേ ചുഴലിക്കാറ്റ് ദുര്‍ബലമാവുന്നു. തിങ്കളാഴ്ച രാത്രി 9 മണിയോടെ കരയിലേക്ക് പ്രവേശിച്ചതിന് പിന്നാലെയാണ് അതിതീവ്ര ചുഴലി തീവ്ര ചുഴലിയായി മാറിയത്.
ആളപായമൊന്നും ഇതുവരെ ഇല്ല. തീരമേഖലയില്‍ റെഡ് അലര്‍ട് തുടരുകയാണ്. അതേസമയം സംസ്ഥാനത്ത് വ്യാപകമായി മഴ പെയ്യുന്നുണ്ട്. സൈന്യവും എന്‍ഡിആര്‍എഫും രക്ഷാപ്രവര്‍ത്തനം തുടരുകയാണ്.
മഹാരാഷ്ട്രയില്‍ ആറ് മരണമാണ് റിപോര്‍ട് ചെയ്തത്. ബോട്ട് മുങ്ങി കാണാതായ മൂന്ന് മീന്‍ പിടുത്തക്കാരെയും ഇനിയും കണ്ടെത്താനായില്ല. നിലവില്‍ ഗുജറാത്തിലെ അംരേലിക്ക് 60 കിലോമീറ്റര്‍ തെക്ക് കിഴക്ക് മാറിയാണ് കാറ്റിന്‍റെ ഇപ്പോഴത്തെ സ്ഥാനം.
അതേസമയം ചുഴലിക്കാറ്റിന്റെ ഭീഷണി ഇല്ലാതായെങ്കിലും കേരളത്തില്‍ വടക്കന്‍ ജില്ലകളില്‍ ചൊവ്വാഴ്ചയും മഴ തുടരുകയാണ്. മലപ്പുറം, കോഴിക്കോട്, കണ്ണൂര്‍, കാസര്‍കോട് ജില്ലകളില്‍ യെലോ അലര്‍ട് പ്രഖ്യാപിച്ചിട്ടുണ്ട്.
സംസ്ഥാനത്ത് കടല്‍ക്ഷോഭത്തിനും നാലര മീറ്റര്‍ വരെ ഉയരത്തില്‍ തിരമാലകള്‍ക്കും സാധ്യതയുണ്ടെന്ന് കാലാവസ്ഥാ കേന്ദ്രം അറിയിച്ചു. തിരുവനന്തപുരത്തെ പൊഴിയൂര്‍ മുതല്‍
കാസര്‍കോട് വരെയുള്ള തീരത്ത് 3.5 മീറ്റര്‍ മുതല്‍ 4.5 വരെ ഉയരത്തില്‍ തിരയടിക്കാനാണ് സാധ്യത. മത്സ്യ തൊഴിലാളികള്‍ കടലില്‍ പോകരുതെന്ന് മുന്നറിയിപ്പുണ്ട്.