ടൗട്ടേ ചുഴലിക്കാറ്റിന് പിന്നാലെ യാസ് ചുഴലിക്കാറ്റും വരുന്നു. ബംഗാള്‍ ഉള്‍ക്കടലില്‍ മെയ് 23ഓടെ ന്യൂനമര്‍ദ്ദം രൂപംകൊള്ളും എന്നാണ് കാലാവസ്ഥ നിരീക്ഷകര്‍ മുന്നറിയിപ്പു നല്‍കുന്നത്.
ഇത് ചുഴലിക്കാറ്റായി മാറിയാല്‍ യാസ് എന്ന പേരിലാവും അറിയപ്പെടുക. അറബിക്കടലില്‍ രൂപപ്പെട്ട ടൗട്ടേ ചുഴലിക്കാറ്റ് കനത്ത നാശം വിതച്ചതിന് പിന്നാലെയാണ് ആഴ്ചകള്‍ക്കകം ബംഗാള്‍ ഉള്‍ക്കടലില്‍ മറ്റൊരു ചുഴലിക്കാറ്റ് രൂപപ്പെടുന്നത്. ഒമാന്‍ നല്‍കുന്ന ‘യാസ് ‘ എന്ന പേരിലാണ് പുതിയ ചുഴലിക്കാറ്റ് അറിയപ്പെടുക.
ബംഗാള്‍ ഉള്‍ക്കടലില്‍ ന്യൂനമര്‍ദ്ദം രൂപപ്പെടുകയാണെന്നും 23ഓടെ വ്യക്തമായ ചിത്രം ലഭിക്കുമെന്നും മേയ് 27 ഓടെ യാസ് തീരത്തേക്ക് അടുക്കുമെന്നും ഭൗമശാസ്ത്ര മന്ത്രാലയം സെക്രട്ടറി മാധവന്‍ രാജീവന്‍ അറിയിച്ചു.
ഒഡീഷ, ബംഗാള്‍ ഭാഗങ്ങളിലേക്കാണ് ചുഴലിക്കാറ്റ് നീങ്ങുക. കാറ്റ് മ്യാന്‍മര്‍ തീരത്തേക്ക് നീങ്ങുമെന്നും കാലാവസ്ഥ നിരീക്ഷകര്‍ അഭിപ്രായപ്പെടുന്നുണ്ട്. ചുഴലിക്കാറ്റിന്റെ സ്വാധീനത്താല്‍ കടല്‍ക്ഷോഭം രൂക്ഷമാകാനുള്ള സാധ്യതയുണ്ട്.
കനത്ത മഴക്കും സാധ്യതയുണ്ട്. കേരളത്തില്‍ പല ജില്ലകളിലും ഇന്ന് ശക്തമായ മഴയാണ് ലഭിക്കുന്നത്. കേരളത്തില്‍ ഉള്‍പ്പെടെ കനത്ത നാശം വിതച്ച ടൗട്ടേ ചുഴലിക്കാറ്റ് മേയ് 17നാണ്
ഗുജറാത്ത് തീരത്ത് പതിച്ചത്. മണിക്കൂറില്‍ 160 കിലോമീറ്റര്‍ വേഗതയിലാണ് കാറ്റ് ആഞ്ഞു വീശിയത്. 13 പേരാണ് വിവിധ അപകടങ്ങളില്‍ ഗുജറാത്തില്‍ മാത്രം മരിച്ചത്.