കോവിഡ് രണ്ടാംവ്യാപനത്തെ പ്രതിരോധിക്കുന്നതിന്റെ ഭാഗമായി മുന്‍കരുതലെന്ന നിലയില്‍ തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളുടെ നേതൃത്വത്തില്‍ ജില്ലയില്‍ കൂടുതല്‍ കോവിഡ് ചികിത്സ കേന്ദ്രങ്ങള്‍ സജ്ജമാക്കി.
ജില്ല ഹോമിയോപ്പതി വകുപ്പിന്റെ സഹകരണത്തോടെ കോര്‍പറേഷന്‍ പരിധിയിലുള്ള ഏഴ് ഹോമിയോപ്പതി ക്ലിനിക്കുകളില്‍ പ്രത്യാശ പോസ്റ്റ് കോവിഡ് ക്ലിനിക്കുകള്‍ മേയര്‍ പ്രസന്ന ഏണസ്റ്റ് ഉദ്ഘാടനം നിര്‍വഹിച്ചു.
ഡെപ്യൂട്ടി മേയര്‍ കൊല്ലം മധു, അഡീഷനല്‍ സെക്രട്ടറി എ.എസ്. ശ്രീകാന്ത്, ഹോമിയോപ്പതി ഡി.എം.ഒ ഡോ. സി.എസ് പ്രദീപ് എന്നിവര്‍ പങ്കെടുത്തു. പന്മന വലിയം മെമ്മോറിയല്‍ സെന്‍ട്രല്‍ സ്‌കൂളില്‍ ആരംഭിച്ച ഡി.സി.സി എന്‍.കെ. പ്രേമചന്ദ്രന്‍ എം.പിയും ഡോ.സുജിത്ത്
വിജയന്‍ പിള്ള എം.എല്‍.എയും ചേര്‍ന്ന് ഉദ്ഘാടനം ചെയ്തു. തേവലക്കര അയ്യന്‍കോയിക്കല്‍ സ്‌കൂളില്‍ ആരംഭിക്കുന്ന ഡി.സി.സി എം.എല്‍.എ സന്ദര്‍ശിച്ച് പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ വിലയിരുത്തി.
കരുനാഗപ്പള്ളി നഗരസഭയുടെ നേതൃത്വത്തില്‍ താലൂക്ക് ആശുപത്രിയിലെ ചികിത്സ കേന്ദ്രത്തില്‍ സി കാറ്റഗറി കോവിഡ് രോഗികള്‍ക്കുള്ള ചികിത്സ ആരംഭിച്ചു. 20 കിടക്കകളുള്ള കേന്ദ്രത്തില്‍ വെന്‍റിലേറ്റര്‍ സൗകര്യം ഉള്‍പ്പെടെയുള്ളവ ലഭ്യമാണ്.
രണ്ട് ഡോക്ടര്‍മാര്‍, 20 ജീവനക്കാര്‍ എന്നിവരെ താല്‍ക്കാലികമായി നിയമിച്ചു. താലൂക്ക് ആശുപത്രിയില്‍ ഓക്‌സിജന്‍ പ്ലാന്‍റ് സ്ഥാപിച്ച് ഓക്‌സിജന്‍ ലഭ്യതയും ഉറപ്പുവരുത്തി. ബി കാറ്റഗറിയില്‍ ഉള്‍പ്പെടുന്ന കോവിഡ് രോഗികളെ
ചികിത്സിക്കാന്‍ 100 കിടക്കകളുള്ള സി.എസ്.എല്‍.ടി.സി പ്രവര്‍ത്തിക്കുന്നുണ്ട്. രണ്ട് ആംബുലന്‍സ് ഉള്‍പ്പെടെ പത്ത് വാഹനങ്ങളും സജ്ജീകരിച്ചിട്ടുണ്ട്. പ്രതിരോധ പ്രര്‍ത്തനങ്ങള്‍ക്കായി താലൂക്ക് ഹോസ്പിറ്റല്‍, മൈനാഗപ്പള്ളി പി.എച്ച്.സി എന്നിവിടങ്ങളില്‍
50 ലക്ഷം രൂപ വകയിരുത്തി. അണുമുക്ത ചവറ എന്ന ലക്ഷ്യത്തോടെ ചവറ ബ്ലോക്ക് പഞ്ചായത്തിെന്റ നേതൃത്വത്തില്‍ വിവിധ പഞ്ചായത്തുകളില്‍ അണുനശീകരണ പ്രവര്‍ത്തനങ്ങള്‍ക്ക് തുടക്കമായി.
ശാസ്താംകോട്ട ബ്ലോക്കിലെ മൈനാഗപ്പള്ളിയില്‍ കോവിഡ് പ്രതിരോധ യോഗം ചേര്‍ന്നു. നിലവില്‍ കണ്ടെയ്ന്മെന്റ് സോണുകളായ മൈനാഗപ്പള്ളി, പടിഞ്ഞാറേകല്ലട ഗ്രാമപഞ്ചായത്തുകളില്‍ പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ ശക്തിപ്പെടുത്തുവാന്‍
യോഗം തീരുമാനിച്ചു. സന്നദ്ധ സേനാംഗങ്ങള്‍, പഞ്ചായത്ത് അംഗങ്ങള്‍ എന്നിവരുടെ നേതൃത്വത്തില്‍ വാര്‍ഡ് തലത്തില്‍ വാട്‌സ്‌ആപ് ഗ്രൂപ് രൂപവത്കരിച്ച് പ്രതിരോധ
സംവിധാനങ്ങള്‍ ഊര്‍ജിതമാക്കാന്‍ തീരുമാനിച്ചതായി ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്‍റ് അന്‍സര്‍ ഷാഹി പറഞ്ഞു