ഉറപ്പുള്ളൊരു മേല്‍ക്കൂരയാണ് ഇവര്‍ക്ക് കാഞ്ഞിരം പാലം. പെയ്ത മഴയത്രയും മേല്‍ക്കൂര വഴി വീടിന് അകത്തേക്കൊഴുകിയപ്പോള് ജീവിതത്തിലേക്കിട്ട പാലം. പാലത്തിന് കീഴിലെ മറയില്ലാത്തതും
വൃത്തിഹീനവുമായ ജീവിതം ഉയര്‍ത്തുന്ന അരക്ഷിതത്വത്തിനും ആരോഗ്യപ്രശ്നങ്ങള്‍ക്കും ഇടയിലും, ആരുടെയും മുന്നില്‍ കൈനീട്ടേണ്ടിവന്നില്ലല്ലോ എന്നതാണ് ഈ ദമ്ബതികള്‍ക്ക് ഏക ആശ്വാസം.
മലരിക്കല്‍ അടിവാക്കല്ചിറ ഷാജിയും ഭാര്യ രജനിയുമാണ് മഴയിലും കാറ്റിലും വീട് തകര്‍ന്നപ്പോള്‍ തിരുവാര്‍പ് പഞ്ചായത്തിലെ കാഞ്ഞിരം പാലത്തിന് കീഴില്‍ അഭയം തേടിയത്. മഴ കനത്താല്‍ കൊടൂരാര്‍ നിറഞ്ഞ് വെള്ളം കയറുന്ന പാലത്തിനടിയിലാണ്
അഞ്ചുദിവസമായി ഇവരുടെ താമസം. ശരീരത്തിന്റെ ഒരുഭാഗം തളര്ന്നതിനാല് നിവര്‍ന്നുനില്‍ക്കാനാവില്ല 56കാരനായ ഷാജിക്ക്. ജെ ബ്ലോക്ക് ഒമ്ബതിനായിരം പാടശേഖരത്തിന്റെ പുറംബണ്ടിലായിരുന്നു ഇവരുടെ കുടില്‍.
മഴയില്‍ വെള്ളം കയറിയതോടെ, ഷാജി ഭാര്യയുമൊത്ത് പാലത്തിന് കീഴിലെത്തി. കൈയില്‍ കൊള്ളാവുന്ന പാത്രങ്ങളും രണ്ടു വളര്‍ത്തുനായ്ക്കളെയും കൂടെകൂട്ടി. പാലത്തിന്റെറ തൂണിനോട് ചേര്‍ന്ന സിമന്റ് തിട്ടയിലാണ് ഉറക്കം.
ഭക്ഷണം പഞ്ചായത്തില്‍നിന്ന് കിട്ടും. പാലത്തിനോടുചേര്‍ന്ന വീടിന്റെ ശുചിമുറിയും ഉപയോഗിക്കും. സമീപത്തെല്ലാം വീടുകളുള്ളതുകൊണ്ട് ഭയമില്ല. ട്രാക്ടര്‍ ഡ്രൈവറായിരുന്ന ഷാജിക്ക് മൂന്നുവര്‍ഷം മുമ്ബാണ് പക്ഷാഘാതം വന്നത്.
കുറേനാള്‍ കിടപ്പായിരുന്നു. ഇപ്പോള്‍ വടി കുത്തി മെല്ലെ നടക്കാം. ഇടത്തേ കയ്യും കാലും അനക്കാന്‍ കഴിയില്ല. മരുന്നുകളിലാണ് ജീവിതം മുന്നോട്ടുനീക്കുന്നത്. രജനി കൂലിപ്പണിചെയ്തും പാടത്തു പണിതുമാണ് വീട് നോക്കിയിരുന്നത്.
ഇവര്‍ക്ക് മക്കളില്ല. ക്യാമ്ബുകളിലേക്ക് മാറാന്‍ പലരും നിര്‍ബന്ധിക്കുന്നുണ്ടെങ്കിലും അസുഖബാധിതനായതിനാല്‍ ആള്‍ക്കൂട്ടത്തിനിടയിലേക്ക് ചെല്ലാന്‍ ധൈര്യമില്ല. വസ്ത്രങ്ങളെടുക്കാന്‍ കഴിഞ്ഞ ദിവസം വള്ളത്തില്‍ വീട്ടില്‍ പോയി നോക്കിയിരുന്നു.
വീടിനു മുകളിലാണ് വെള്ളം നില്‍ക്കുന്നത്. ഷാജിയുടെ പിതാവിെന്റ കാലത്ത് കുടികിടപ്പ് കിട്ടിയതാണ് പുറംബണ്ടിലെ പത്ത് സെന്റ്. പട്ടയമില്ലാത്തതിനാല്‍ ഇവര്‍ക്ക് സര്‍ക്കാര്‍ ആനുകൂല്യങ്ങളൊന്നും കിട്ടുന്നില്ല.
ചികിത്സക്ക് കടം വാങ്ങിയതുതന്നെ കൊടുത്തുതീര്‍ത്തിട്ടില്ല. വീടു തകര്‍ന്നതോടെ, വെള്ളം ഇറങ്ങിയാല്‍ തിരിച്ചുചെല്ലുന്നത് എങ്ങോട്ടെന്ന ഉത്തരമില്ലാത്ത ചോദ്യമാണ് ഇവരുടെ ഉറക്കം കെടുത്തുന്നത്.
ദമ്ബതികളെ സന്ദര്‍ശിച്ചിരുന്നതായും ഇവരോട് കാഞ്ഞിരം എസ്.എന്‍.ഡി.പി സ്കൂളിലെ ക്യാമ്ബിലേക്ക് മാറാന്‍ ആവശ്യപ്പെട്ടതായും ഡെപ്യൂട്ടി കലക്ടര്‍ ടി.കെ. വിനീത് അറിയിച്ചു. കോവിഡ് ഭീതിയുള്ളതിനാല്‍ ഇരുവര്‍ക്കും ഒറ്റക്ക്
താമസിക്കാന്‍ സൗകര്യം നല്‍കുമെന്നും ഡെപ്യൂട്ടി കലക്ടര്‍ പറഞ്ഞു. പട്ടയവും രേഖകളുമടക്കം തയാറായാല്‍ ഭവനനിര്‍മാണത്തിന് സഹായം നല്‍കുമെന്ന് പഞ്ചായത്ത് അധികൃതര്‍ വ്യക്തമാക്കി.