കോവിഡ് വ്യാപനം രൂക്ഷമാകുന്ന സാഹചര്യത്തില്‍ മലപ്പുറം ജില്ലയില്‍ പ്രതിരോധ നടപടികള്‍ ശക്തമാക്കുന്നു. ഇന്ന് ജില്ലയില്‍ അടിയന്തര ആവശ്യങ്ങള്‍ക്ക് മാത്രമാണ് അനുമതി. മെഡിക്കല്‍ സേവനങ്ങള്‍, പാല്‍,
പത്രം, ചരക്ക് വാഹനങ്ങള്‍ എന്നിവയ്ക്ക് തടസമില്ല. ഹോട്ടലുകള്‍ക്ക് ഹോം ഡെലിവറി നടത്താമെന്ന് ജില്ലാ ഭരണകൂടം അറിയിച്ചു. ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക് ജില്ലയില്‍ നിയന്ത്രണവിധേയമാകാത്ത സാഹചര്യത്തിലാണ് നടപടി.
പൊലീസിന്റെ നേതൃത്വത്തില്‍ പരിശോധനകള്‍ കര്‍ശനമാക്കിയിട്ടുണ്ട്. എഡിജിപി വിജയ് സാഖറെ, ഐജി അശോക് യാധവ് എന്നിവര്‍ ജില്ലയിലെത്തിയാണ് നിയന്ത്രിക്കുന്നത്. നഗരപ്രദേശങ്ങള്‍ക്ക് പുറമെ ഗ്രാമങ്ങളിലും
ആള്‍ക്കൂട്ടം ഉണ്ടാകാതിരിക്കാന്‍ ഡ്രോണ്‍ ഉപയോഗിച്ചും പരിശോധന നടത്തുന്നുണ്ട്. 47,531 പേരാണ് മലപ്പുറത്ത് കോവിഡ് ബാധിച്ച് ചികിത്സയില്‍ കഴിയുന്നത്. 40 ശതമാനത്തിന് മുകളില്‍ എത്തിയ ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക്
കുറഞ്ഞെങ്കിലും ഉയര്‍ന്ന് തന്നെയാണ്. പരിശോധിക്കുന്ന പത്തില്‍ മൂന്ന് പേര്‍ക്കും രോഗബാധയുണ്ട്. പൊന്നാനി, മാറാക്കര, കൊണ്ടോട്ടി, കരുവാരക്കുണ്ട് എന്നിവിടങ്ങളിലാണ് രോഗവ്യാപനം
കൂടുതല്‍. സംസ്ഥാനത്ത് ട്രിപ്പിള്‍ ലോക്ക്ഡൗണ്‍ തുടരുന്ന ഏക ജില്ല കൂടിയാണ് മലപ്പുറം. തിരുവനന്തപുരം, തൃശൂര്‍, എറണാകുളം എന്നീ ജില്ലകളില്‍ രോഗശമനം കണ്ടു തുടങ്ങിയതോടെ ട്രിപ്പിള്‍ ലോക്ക്ഡൗണില്‍ നിന്ന് ഒഴിവാക്കിയിരുന്നു