വടക്കന്‍ ഇറ്റലിയിലെ വിനോദ സഞ്ചാര കേന്ദ്രത്തില്‍ കേബിള്‍ കാര്‍ പൊട്ടിവീണുണ്ടായ അപകടത്തില്‍ 14 പേര് മരിച്ചു. മരിച്ചവരില്‍ ഒരു കുട്ടിയും ഉള്‍പ്പെടുന്നു. പരിക്കേറ്റ ഒരു കുട്ടിയുടെ നിലഗുരുതരമാണ്.
ഞായറാഴ്ച മജോറി തടാകത്തിനുസമീപമായിരുന്നു അപകടം. പൈന്‍ മരങ്ങളുടെ ഇടയിലേക്കു വീണ കാര്‍ നിശേഷം തകര്‍ന്നു. റിസോര്‍ട്ട് നഗരമായ സ്ട്രെസയില്നിന്ന് പീഡ്മോണ്ട് മേഖലയിലെ
മോട്ടറോണ്‍ പര്‍വതത്തിലേക്ക് യാത്രക്കാരെ കയറ്റി പോകുകയായിരുന്ന കേബിള്‍ കാറാണ് അപകടത്തില്‍പ്പെട്ടത്. മരിച്ചവരില്‍ അഞ്ച് പേര് ഇസ്രേലി പൗരന്മാരാണ്.
ഭൂരിപക്ഷം പേരും അപകടസ്ഥലത്തു തന്നെ മരിച്ചു. പരിക്കേറ്റ അഞ്ച്, ഒന്‍പത് വയസ് പ്രായമുള്ള രണ്ട് കുട്ടികളെ
വ്യോമമാര്‍ഗം ടൂറിനിലെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. സ്ട്രെസയില്‍ നിന്ന് മജോറി തടാകത്തിനു മുകളിലൂടെ, 1400 മീറ്റര്‍ ഉയരത്തിലുള്ള മോട്ടറോണ്‍ മലയുടെ മുകളിലേക്ക് 20 മിനിറ്റില്‍ എത്താവുന്നതാണു കേബിള്‍ കാര്‍. ലോക്ഡൗണ്‍ നിയന്ത്രണങ്ങള്‍ക്കു ശേഷം അടുത്തിടെയാണു വീണ്ടും തുറന്നത്.