തമിഴ്നാട്ടില്‍ ലോക്ഡൗണ്‍ തുടരുന്നതോടെ അതിര്‍ത്തി വിജനമായി. മേയ് 24 മുതല്‍ ഒരാഴ്ചത്തേക്ക് കര്‍ശന നിയന്ത്രങ്ങളോടെ ലോക്ഡൗണ്‍ പ്രഖ്യാപിച്ചതോടെ സംസ്ഥാനത്തേക്കുള്ള പച്ചക്കറി വാഹനങ്ങളുടെ
എണ്ണത്തില്‍ പോലും ഗണ്യമായ കുറവുണ്ടായതായി അതിര്‍ത്തിയില്‍ ജോലിചെയ്യുന്ന പൊലീസുകാര്‍ പറയുന്നു. പൊള്ളാച്ചി, ഉടുമല, ഒട്ടന്‍ഛത്രം, പഴനി തുടങ്ങിയ പ്രദേശങ്ങളില്‍നിന്ന് ഗോവിന്ദാപുരം വഴി കടക്കുന്ന പച്ചക്കറി വാഹനങ്ങള്‍
നാലില്‍ ഒന്നായി കുറഞ്ഞതോടെ പച്ചക്കറി വിലയിലും വര്‍ധന തുടരുകയാണ്. 25 രൂപക്ക് വിറ്റിരുന്ന സവാള തിങ്കളാഴ്ച 40 രൂപയായി വര്‍ധിച്ചതായി വ്യാപാരികള്‍ പറയുന്നു. മിക്ക പച്ചക്കറി ഇനങ്ങള്‍ക്കും വില കുത്തനെ ഉയര്‍ന്നിട്ടുണ്ട്.
പച്ചക്കറി വാഹനങ്ങള്‍ക്ക് വിലക്കില്ലെന്നും മാര്‍ക്കറ്റുകളിലേക്ക് പച്ചക്കറി എത്തുന്നതിലെ പ്രതിസന്ധിയാണ് കേരളത്തിലെത്തുന്ന പച്ചക്കറിയില്‍ കുറവുണ്ടാക്കിയതെന്നും ഉടുമല മാര്‍ക്കറ്റിലെ വ്യാപാരികള്‍ പറഞ്ഞു. തുടര്‍ന്നുള്ള ദിവസങ്ങളില്‍ ചരക്ക് വാഹനങ്ങള്‍ വഴി പാലക്കാട്ടേക്ക് പഴയതുപോലെ പച്ചക്കറി എത്തുമെന്ന് വ്യാപാരികള്‍ പറഞ്ഞു.