ഐപിഎല്‍ പതിനാലാം സീസണിന്റെ അവശേഷിച്ച മത്സരങ്ങള്‍ ആരംഭിക്കാനിരിക്കെ ബംഗ്ലാദേശ് താരങ്ങളായ ഷാക്കിബ് അല്‍ ഹസനും മുസ്തഫിസുര്‍ റഹ്മാനും അനുമതി നല്‍കില്ലെന്ന് ബംഗ്ലാദേശ് ക്രിക്കറ്റ് ബോര്‍ഡ്.
ഐസിസി ടി20 ലോക കപ്പിനുള്ള തയ്യാറെടുപ്പിലാണ് ബംഗ്ലാദേശ് ടീം എന്നും അതിനാല്‍ തന്നെ ഇരു താരങ്ങള്‍ക്കും എന്‍ഒസി നല്‍കാന്‍ ബോര്‍ഡിന് താല്‍പര്യമില്ലെന്ന് ബംഗ്ലാദേശ് ക്രിക്കറ്റ് ബോര്‍ഡ് നസ്മുള്‍ ഹസന്‍ പറഞ്ഞു.
നേരത്തെ ഇംഗ്ലണ്ട്, ന്യൂസിലാന്റ് താരങ്ങളും ഐ.പി.എല്‍ രണ്ടാം ഘട്ടത്തിലേക്ക് ഉണ്ടാകില്ലെന്ന് അറിയിച്ചിരുന്നു. ഇതോടെ കളിക്കാരുടെ കാര്യത്തില്‍ ഐ.പി.എല്‍ ടീമുകള്‍ ഏറെ പ്രതിസന്ധിയിലായിരിക്കുകയാണ്.
ഐ.പി.എല്ലില്‍ കൊല്‍ക്കത്ത നൈറ്റ്റൈഡേഴ്സിന്റെ ഓള്‍റൗണ്ട് താരമാണ് ഷാക്കിബ്. രാജസ്ഥാന്‍ റോയസിന്റെ താരമാണ് മുസ്തഫിസുര്‍ റഹ്മാന്‍. മുസ്തഫിസുര്‍ റഹ്മാന്‍ ഐ.പി.എല്ലില്‍
പങ്കെടുക്കില്ലെന്ന് അറിയിച്ചതോടെ രാജസ്ഥാന് മറ്റൊരു വിദേശ പേസറെ കൂടെയാണ് നഷ്ടമായിരിക്കുന്നത്. ജോഫ്ര ആര്‍ച്ചര്‍, ബെന്‍ സ്റ്റോക്‌സ് എന്നിവര്‍ നേരത്തെ പിന്മാറിയിരുന്നു.
നിലവിലെ സാഹചര്യത്തില്‍ ഇന്ത്യന്‍ കളിക്കാരെ വെച്ച് അവശേഷിക്കുന്ന മത്സരങ്ങള്‍ കളിക്കേണ്ട ഗതികേടിലാണ് സഞ്ജുവിന്റെ റോയല്‍സ്.