നിയമസഭാ തിരഞ്ഞെടുപ്പില്‍ കനത്ത തിരിച്ചടി നേരിട്ട കോണ്‍ഗ്രസ് വീണ്ടും പ്രതിസന്ധിയിലേക്ക്. പാര്‍ട്ടിയിലെ നിരവധി നേതാക്കള്‍ കേരളാ കോണ്‍ഗ്രസ് എമ്മിലേക്ക് വരാന്‍ താല്‍പ്പര്യം
അറിയിച്ചതായി ജോസ് കെ മാണി വ്യക്തമാക്കി. ജനപിന്തുണയുള്ള നേതാക്കളാണ് തന്നെ നേരിട്ട് സമീപിച്ചതെന്നും ഇക്കാര്യത്തില്‍ നീക്കങ്ങള്‍ പുരോഗമിക്കുകയാണെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
എന്നാല്‍ നേതാക്കളുടെ പേരുകള്‍ വെളിപ്പെടുത്താല്‍ ജോസ് കെ മാണി തയ്യാറായിട്ടില്ല. ജോസഫ് വിഭാഗത്തില്‍ നിന്നും കോണ്‍ഗ്രസില്‍ നിന്നും നേതാക്കളെയും അണികളെയും കേരളാ കോണ്‍ഗ്രസ്
മാണി വിഭാഗത്തിലേക്ക് എത്തിക്കാനാണ് നീക്കം. എന്നാല്‍ ജോസ് കെ മാണിയെ മുന്‍നിര്‍ത്തി കോട്ടയത്തടക്കമുള്ള നേതാക്കളെ എല്‍ ഡി എഫിലെത്തിക്കാന്‍
സി പി എം ശ്രമം നടത്തുന്നുവെന്ന വാര്‍ത്തകള്‍ നേരത്തെ പുറത്ത് വന്നിരുന്നു. ഇതിനിടെയാണ് ജോസ് കെ മാണി ഇക്കാര്യം വ്യക്തമാക്കിയത്. നിലവില്‍ പാര്‍ട്ടി ചുമതല വഹിക്കാനാണ് താല്‍പ്പര്യമെന്നും മറ്റെല്ലാം വാര്‍ത്താ
സൃഷ്ടിയാണെന്നും അദ്ദേഹം വ്യക്തമാക്കി. ഭരണപരിഷ്കാര കമ്മീഷന്‍ ചെയര്‍മാന്‍ സ്ഥാനത്തേക്ക് പരിഗണിക്കുന്നുവെന്ന വാര്‍ത്തയില്‍ പ്രതികരിക്കുകയായിരുന്നു അദ്ദേഹം. നേരത്തെ പാര്‍ട്ടിയെ ഒറ്റ മന്ത്രി സ്ഥാനത്തില്‍
ഒതുക്കിയെങ്കിലും വലിയ എതിര്‍പ്പുകള്‍ ജോസിന്റെ ഭാഗത്ത് നിന്നും ഉണ്ടായിരുന്നില്ല. ഇതോടെ ജോസ് കെ മാണിക്ക് ഏതെങ്കിലും സുപ്രധാന സ്ഥാനം നല്‍കിയേക്കുമെന്ന് വിലയിരുത്തപ്പെട്ടിരുന്നു.