കൊവിഡ് 19 എന്ന മഹാമാരി പൊട്ടിപ്പുറപ്പെട്ട് രണ്ടാം വര്‍ഷത്തിലേയ്ക്ക് കടക്കുമ്ബോഴും അതിന് കാരണമായ വൈറസിന്റെ ഉത്പ്പത്തിയെ കുറിച്ച് ഇന്നും അജ്ഞാതമായി തുടരുന്നു.
വൈറസ് ഇപ്പോഴും ലോകത്തിനെ ഭീതിയുടെ മുള്‍മുനയില്‍ നിര്‍ത്തുകയാണ്. ചൈനയില്‍ നിന്നും പൊട്ടിപ്പുറപ്പെട്ട ഈ വൈറസിന്റെ ഉദ്ഭവത്തെ കുറിച്ച് ഇനിയും ആധികാരികമായ ഒരു വിവരവും
നല്‍കാന്‍ ശാസ്ത്രലോകത്തിന് കഴിഞ്ഞിട്ടില്ല എന്നതു തന്നെ ഇതിനു കാരണം. ഇതേ കുറിച്ചുള്ള വിവര ശേഖരണത്തിനായി ചൈന സഹകരിക്കുന്നില്ല. കൊവിഡ് 19 നെകുറിച്ച് വ്യക്തമായ വിവരങ്ങള്‍ ശേഖരിക്കാന്‍ കഴിഞ്ഞില്ലെങ്കില്‍ ഭാവിയില്‍ കൊവിഡ് 26, കൊവിഡ് 32 തുടങ്ങിയ മഹാമാരികളുടെ തുടര്‍ച്ചയാവും
ഉണ്ടാവുക എന്ന മുന്നറിയിപ്പ് നല്‍കിയിരിക്കുകയാണ് വിദഗ്ദ്ധര്‍. അതേസമയം, കൊവിഡ് രോഗത്തിന് കാരണമായ വൈറസ് വുഹാനിലെ ഒരു ലാബില്‍ നിന്നും പുറത്തു വന്നതാണെന്നുള്ള സംശയം ബലപ്പെടുകയാണ്.
അതേസമയം 2019 ഡിസംബറില്‍ ചൈനയിലെ വുഹാനിലെ ഒരു സീഫുഡ് മാര്‍ക്കറ്റില്‍ നിന്നാണ് രോഗം പൊട്ടിപ്പുറപ്പെട്ടതെന്ന വാദത്തിന് സ്ഥിരീകരണമില്ലതാനും. അടുത്തിടെ കൊവിഡ് രോഗബാധയുടെ ഉറവിടത്തെക്കുറിച്ച്
അന്വേഷിക്കാന്‍ അമേരിക്കന്‍ പ്രസിഡന്റ് ജോ ബൈഡന്‍ ആവശ്യപ്പെട്ടിരുന്നു. ഇതിന് പിന്നാലെയാണ് ഇത്തരം ചര്‍ച്ചകള്‍ വീണ്ടും ചൂട് പിടിക്കുന്നത്. വൈറസ് വന്യജീവികളില്‍ നിന്ന് ഉണ്ടായതാണോ
അതോ വുഹാന്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് വൈറോളജിയില്‍ നിന്ന് രക്ഷപ്പെട്ടതാണോ എന്ന കാര്യത്തില്‍ അമേരിക്കന്‍ രഹസ്യാന്വേഷണ വിഭാഗത്തിന് ഇതുവരെയും ഒരു ഉത്തരത്തില്‍ എത്താനായിട്ടില്ല.