നിലവിലെ ചാമ്ബ്യന്മാരായ ബ്രസീലിനെ സമനിലയില്‍ തളച്ച് ഇക്വഡോര്‍ കോപ്പ അമേരിക്കയുടെ ക്വാര്‍ട്ടര്‍ ഫൈനലില്‍ കടന്നു. ക്വാര്‍ട്ടര്‍ ഫൈനല്‍ ബെര്‍ത്ത് നേരത്തേ ഉറപ്പിച്ചതിനാല്‍ വലിയ
അഴിച്ചുപണികള്‍ നടത്തിയാണ് പരിശീലകന്‍ ടിറ്റെ ഇക്വഡോറിനെതിരെ ബ്രസീല്‍ ടീമിനെ ഇറക്കിയത്. നെയ്മര്‍, ഗബ്രിയേല്‍ ജെസ്യൂസ്, കാസെമിറോ തുടങ്ങിയ പ്രധാന താരങ്ങളെല്ലാം
പകരക്കാരുടെ പട്ടികയില്‍ ഇടം നേടിയപ്പോള്‍ ഫിര്‍മിന്യോ, എവര്‍ട്ടന്‍, ഗാബി ഗോള്‍, എന്നിവര്‍ ആദ്യ ഇലവനിലെത്തി.
നാലാം വിജയം ലക്ഷ്യം വെച്ച് ഇറങ്ങിയ കനറികള്‍ക്കെതിരേ മികച്ച പോരാട്ട വീര്യമാണ് ഇക്വഡോര്‍ പുറത്തെടുത്തത്. 37-ാം മിനിട്ടില്‍ ഇക്വഡോറിന്റെ പ്രതിരോധപ്പൂട്ട് പൊളിച്ച് മഞ്ഞപ്പട ലീഡെടുത്തു.
എവര്‍ട്ടന്‍ എടുത്ത ഫ്രീ കിക്കില്‍ പ്രതിരോധതാരം എഡെര്‍ മിലിട്ടാവോയായിരുന്നു ഗോള്‍ സ്കോറര്‍. സമനില ഗോളിനായുള്ള ഇക്വഡോറിന്റെ ശ്രമങ്ങള്‍ രണ്ടാം പകുതിയില്‍ ഫലം കണ്ടു. എന്നാല്‍ മഞ്ഞപ്പടയെ ഞെട്ടിച്ചുകൊണ്ട് മത്സരത്തിന്റെ 53-ാം മിനിട്ടില്‍
ഇക്വഡോര്‍ സമനില ഗോള്‍ നേടി. പകരക്കാരനായി എത്തിയ ഏംഗല്‍ മിനയായിരുന്നു രക്ഷകന്‍. വിനീഷ്യസിനെയും കാസെമിറോയെയും പകരക്കാരായി ഇറക്കി വിജയഗോളിനായി ബ്രസീല്‍ പരിശ്രമിച്ചെങ്കിലും ഇക്വഡോര്‍
പ്രതിരോധം കോട്ട കെട്ടി വിഫലമാക്കി. ബി ഗ്രൂപ്പിലെ മറ്റൊരു മത്സരത്തില്‍ പെറു എതിരില്ലാത്ത ഒരു ഗോളിന് വെനസ്വേലയെ തോല്‍പ്പിച്ചു.48 ആം മിനുട്ടില്‍ കാറില്ലേയാണ് പെറുവിന്റെ വിജയഗോള്‍ നേടിയത്.
തോല്‍വിയോടെ വെനസ്വേല ടൂര്‍ണമെന്‍റില്‍ നിന്നും പുറത്തായി. സമനിലയില്‍ കുരുങ്ങിയെങ്കിലും ബി ഗ്രൂപ്പില്‍ നിന്നും ജേതാക്കളായി ബ്രസീല്‍ ക്വാര്‍ട്ടര്‍ ഫൈനലില്‍ കടന്നു. പെറുവാണ് ഗ്രൂപ്പിലെ രണ്ടാം സ്ഥാനക്കാര്‍. ശനിയാഴ്ച്ച ക്വാര്‍ട്ടര്‍ ഫൈനല്‍ മത്സരങ്ങള്‍.