രാജ്യത്ത് പുതിയ ഐ ടി നിയമം നടപ്പിലായതോടെ സാമൂഹിക മാദ്ധ്യമങ്ങളെല്ലാം കേന്ദ്ര സര്‍ക്കാരിന്റെ നിരീക്ഷണത്തിലാണ്. ഐ ടി നിയമം പാലിക്കാത്ത പോസ്റ്റുകള്‍ക്ക് എതിരെ എന്ത് നടപടിയെടുത്തുവെന്ന് ഓരോ
മാസവും ഫേസ്ബുക്ക് അടക്കമുള്ള സാമൂഹിക മാദ്ധ്യമ ഭീമന്മാര്‍ കേന്ദ്രത്തിന് റിപ്പോര്‍ട്ട് നല്‍കേണ്ടതായുണ്ട്. ഇതനുസരിച്ച് ഫേസ്ബുക്ക് നല്‍കിയ റിപ്പോര്‍ട്ടില്‍ മേയ് 15നും ജൂണ്‍ 15നും ഇടയില്‍ ഇത്തരത്തിലുള്ള
30 മില്ല്യണ്‍ പോസ്റ്റുകള്‍ ടൈംലൈനില്‍ നിന്ന് നീക്കം ചെയ്തിട്ടുള്ളതായി പറയുന്നു. ഇതേ കാലയളവില്‍ ഏകദേശം രണ്ട് മില്ല്യണ്‍ പോസ്റ്റുകളാണ് ഇന്‍സ്റ്റാഗ്രാം നീക്കം ചെയ്തത്. ഉപഭോക്താക്കളുടെ
സുരക്ഷിതത്വവും സ്വകാര്യതയും സംരക്ഷിക്കുന്നതിനു വേണ്ടി തങ്ങള്‍ മികച്ച ടൂളുകള്‍ നിര്‍മ്മിച്ചിട്ടുണ്ടെന്നും അവയുടെ സഹായത്തോടെ ഉപഭോക്താക്കളുടെ സ്വകാര്യത സംരക്ഷിക്കാന്‍ തങ്ങള്‍ പ്രതിജ്ഞാബദ്ധരാണെന്ന്
ഫേസ്ബുക്ക് പത്രകുറിപ്പിലൂടെ അറിയിച്ചു. നീക്കം ചെയ്ത പോസ്റ്റുകളില്‍ 25 മില്ല്യണ്‍ സ്പാം പോസ്റ്റുകളും 2.5 മില്ല്യണ്‍ പോസ്റ്റുകള്‍ അക്രമാസക്തവും ഭീതിജനകവുമായ ഉള്ളടക്കം അടങ്ങിയതാണ്. 1.8 മില്ല്യണ്‍ നഗ്നതയെ സംബന്ധിക്കുന്നതും മൂന്ന് ലക്ഷം പോസ്റ്റുകള്‍ വര്‍ഗ്ഗീയത നിറഞ്ഞതുമാണ്.