ഫഹദ് ഫാസിലിന്റെ കരിയറിലെ ബിഗ് ബജറ്റ് ചിത്രമായ മാലിക് ഒടിടി റിലീസ് ചെയ്തതിന് പിന്നാലെ ടെലിഗ്രാമില്‍ പ്രചരിക്കുന്നു. ഇന്നലെ രാത്രിയാണ് ആമസോണ്‍ പ്രൈമില്‍ മാലിക് പ്രദര്‍ശനത്തിന് എത്തിയത്.
മികച്ച അഭിപ്രായമാണ് ചിത്രത്തെക്കുറിച്ച് സോഷ്യല്‍ മീഡിയയില്‍ ഉയരുന്നത്. ഇതിനിടെയാണ് ചിത്രത്തിന്റെ ലിങ്കുകള്‍ ടെലിഗ്രാമിലും വാട്സാപ്പിലും പ്രചരിക്കുന്നത്. ഒടിടി റിലീസ് ചെയ്ത് ഒരു മണിക്കൂറിനുളളില്‍ ചിത്രത്തിന്റെ വ്യാജ കോപ്പികള്‍ പ്രചരിച്ചതായിട്ടാണ് റിപ്പോര്‍ട്ട്.
മഹേഷ് നാരായണന്റെ തിരക്കഥയിലും സംവിധാനത്തില്‍ ഒരുങ്ങിയ മാലിക് തിയറ്റര്‍ റിലീസായിരുന്നു ആദ്യം പ്രഖ്യാപിച്ചത്. എന്നാല്‍ കൊവിഡ് പ്രതിസന്ധി നീണ്ടുപോകുന്നതോടെ നിര്‍മ്മാതാവായ ആന്റോ ജോസഫ് ഒടിടി റിലീസിന് നിര്‍ബന്ധിതനായി. 27 കോടി മുതല്‍ മുടക്കിലാണ് ചിത്രം നിര്‍മ്മിച്ചത്.
ടേക്ക് ഓഫിന് ശേഷം സംവിധായകന് മഹേഷ് നാരായണനും ഫഹദും ഒന്നിക്കുന്ന മൂന്നാമത്തെ ചിത്രമാണ് മാലിക്. നിമിഷ സജയനാണ് മാലിക്കിലെ നായിക.
ചിത്രത്തിനായി ഫഹദ് ശരീരഭാരം കുറച്ചിരുന്നു. മെലിഞ്ഞ രൂപത്തിലുളള ഫഹദിന്റെ ചിത്രങ്ങള്‍ സോഷ്യല്‍ മീഡിയയില്‍ പ്രചരിച്ചിരുന്നു. 15 കിലോയോളം ഫഹദ് കുറച്ചുവെന്നാണ് റിപ്പോര്‍ട്ടുകള്‍.
ജോജു ജോര്‍ജ്, ദിലീഷ് പോത്തന്, വിനയ് ഫോര്‍ട്ട്, ജലജ, ഇന്ദ്രന്‍സ്, സലിം കുമാര്‍ , സനല്‍ അമന്, ദിനേഷ് പ്രഭാകര്‍, പാര്‍വതി കൃഷ്ണ, ദിവ്യ പ്രഭ, അപ്പാനി ശരത്, സുധി കോപ്പ, രാജേഷ് ശര്‍മ്മ എന്നിങ്ങനെ നിരവധി താരങ്ങളും ചിത്രത്തിലുണ്ട്. ചിത്രത്തിന്റെ എഡിറ്റിങ്ങും മഹേഷ് നാരായണന് തന്നെയാണ്. ക്യാമറ-സാനു ജോണ്‍ വര്‍ഗീസ്, സംഗീതം-സുഷിന് ശ്യാം. ഹോളിവുഡ് ആക്ഷന്‍ കൊറിയോഗ്രാഫര്‍ ലീ വിറ്റാക്കറാണ് ചിത്രത്തിലെ സംഘട്ടന രംഗങ്ങള്‍ ഒരുക്കിയത്.