ബക്രീദ് പ്രമാണിച്ച് കൊവിഡ് നിയന്ത്രണങ്ങളിൽ മൂന്ന് ദിവസം ഇളവ് നൽകിയ കേരള സർക്കാർ നടപടിക്കെതിരെ രൂക്ഷവിമർശനവുമായി സുപ്രീംകോടതി. കേരളം
ഭരണഘടനയുടെ 21 അനുചേദം അനുസരിക്കണമെന്ന് സുപ്രീംകോടതി ആവശ്യപ്പെട്ടു. കാൻവാർ കേസിൽ പറഞ്ഞതൊക്കെ കേരളത്തിനും ബാധകമാണ്. ഇപ്പോഴത്തെ ഇളവുകൾ
സ്ഥിതി ഗുരുതരമാക്കിയാൽ അതിന്റെ പ്രത്യാഘാതം കേരളം നേരിടേണ്ടിവരുമെന്നും സുപ്രീംകോടതി മുന്നറിയിപ്പ് നൽകി.
സർക്കാർ നൽകിയ മൂന്ന് ദിവസത്തെ ഇളവുകൾ ഇന്ന് തീരുന്ന സ്ഥിതിക്ക് സർക്കാർ ഉത്തരവ് റദ്ദാക്കുന്നില്ലെന്നും നേരത്തെ ഈ ഹർജി വന്നിരുന്നെങ്കിൽ അത് ചെയ്തേനേയെന്നും വ്യക്തമാക്കിയ കോടതി ഹർജി തീർപ്പാക്കി.
ജസ്റ്റിസ് റോഹിംഗ്ടണ് നരിമാൻ, ജസ്റ്റിസ് ബിആർ ഗവായ് എന്നിവരടങ്ങിയ ബെഞ്ചാണ് കേസ് പരിഗണിച്ചത്. രാജ്യത്തേറ്റവും കൂടുതൽ കൊവിഡ് കേസുകൾ റിപ്പോർട്ട് ചെയ്യുന്ന കേരളത്തിൽ
ബക്രീദ് പ്രമാണിച്ച് മൂന്ന് ദിവസം നിയന്ത്രണങ്ങളിൽ ഇളവ് നൽകിയതിനെ ചോദ്യം ചെയ്താണ് സുപ്രീംകോടതിയിൽ ഹർജി എത്തിയത്. ആരോഗ്യ വിദഗ്ധരുടെ മുന്നറിയിപ്പുകൾ തള്ളി
രാഷ്ട്രീയ ലക്ഷ്യത്തോടെ സര്‍ക്കാര്‍ നൽകിയ ഇളവുകൾ ജീവന് ഭീഷണിയാണെന്ന് ചൂണ്ടിക്കാട്ടി ദില്ലി സ്വദേശിയായ മലയാളി വ്യവസായിയാണ് ഹർജി നൽകിയത്. ഹർജിയിൽ
വിശദമായ സത്യവാങ്മൂലം നൽകാൻ സുപ്രീംകോടതി ഇന്നലെ കേരളത്തോട് ആവശ്യപ്പെട്ടിരുന്നു.