ടി.വി ചാനലകളിലെ ക്രൈം ഷോ സ്ഥിരമായി കാണുന്ന മൂന്നാം ക്ലാസുകാരി യു.പി പൊലീസിന് കൊടുത്തത് മുട്ടന്‍ പണി. പൊലീസിന്‍റെ എമര്‍ജന്‍സി നമ്ബറായ 112ല്‍ വിളിച്ച്, വീട്ടിനടുത്ത്
അഞ്ചുപേരെ കൂട്ടത്തോടെ കൊലപ്പെടുത്തിയതായാണ് എട്ടുവയസ്സുകാരി പറഞ്ഞത്. ”പൊലീസ് അങ്കിള്‍, സര്‍ക്കാര്‍ സ്‌കൂളിന് സമീപം ലെയ്ന്‍ നമ്ബര്‍ അഞ്ചില്‍ അഞ്ച് പേരെ
കൊലപ്പെടുത്തിയിരിക്കുന്നു. വേഗം വരൂ, ഞാന്‍ ഇവിടെ ഒറ്റയ്ക്കാണ്” എന്നായിരുന്നു സന്ദേശം. ഇതോടെ പൊലീസുകാര്‍ സ്‌കൂളിന് സമീപം കുതിച്ചെത്തി.
അഞ്ചാം നമ്ബര്‍ ലെയ്നിലും പരിസര പ്രദേശങ്ങളിലും അരിച്ചുപെറുക്കിയെങ്കിലും ഒന്നും കണ്ടെത്താനായില്ല. തങ്ങളെ വിളിച്ച നമ്ബറിലേക്ക് തിരിച്ചുവിളിച്ചപ്പോള്‍ ഫോണ്‍ സ്വിച്ച് ഓഫ്. ഇതോടെ കബളിപ്പിക്കാന്‍ വേണ്ടി ‘പ്രാങ്ക് കോള്‍’ ചെയ്തതാണെന്ന് പൊലീസ് അനുമാനിച്ചു.
കഴിഞ്ഞ ദിവസം ഉച്ചയ്ക്ക് 2.30-ഓടെയായിരുന്നു സംഭവം. അരമണിക്കൂറിന് ശേഷം ഫോണ്‍ സ്വിച്ച് ഓണ്‍ ആയതോടെയാണ് ഇതിനുപിന്നില്‍ എട്ടുവയസ്സുകാരിയുടെ ‘കുസൃതി’യാണെന്ന് ബോധ്യമായത്.
സ്വകാര്യസ്ഥാപനത്തില്‍ ജീവനക്കാരനായ പിതാവിന്‍റെ ഫോണില്‍നിന്നാണ് കുട്ടി പൊലീസിനെ വിളിച്ചത്. പിതാവിനെ വിളിച്ച് വിവരങ്ങള്‍ ചോദിച്ചറിഞ്ഞ പൊലീസ് സംഘം ഉടന്‍തന്നെ ഹാജിപുരിലെ വീട്ടിലെത്തി.
ഇതിനുമുന്‍പും ആളുകളെ ഫോണില്‍ വിളിച്ച് കുട്ടി പറ്റിച്ചിരുന്നതായി അച്ഛന്‍ പറഞ്ഞു. ഏതാനും ദിവസം മുമ്ബ് അമ്മാവനെ വിളിച്ച് അച്ഛന് ആക്സിഡന്റായതായി പറഞ്ഞിരുന്നു. ഇതറിഞ്ഞ് കുടുംബാംഗങ്ങളും അയല്‍ക്കാരുമെല്ലാം വീട്ടിലേക്ക് ഓടിയെത്തി.
അതിഥികളെ കണ്ട് അന്ധാളിച്ച വീട്ടുകാര്‍ അപ്പോഴാണ് ‘അപകട’ വിവരമറിയുന്നത്. ടി.വിയിലെ ക്രൈം സീരിസില്‍നിന്നാണ് പൊലീസിനെ വിളിക്കാനുള്ള നമ്ബര്‍ ലഭിച്ചതെന്ന് കുട്ടി പൊലീസിനോട് പറഞ്ഞു.
112ല്‍ വിളിച്ചാല്‍ പൊലീസ് കൃത്യസമയത്ത് വരുമോയെന്ന് പരീക്ഷിക്കാന്‍ കൂടിയാണ് വിളിച്ചതെന്നും അവള്‍ പറഞ്ഞു. ഇനി ഇത്തരം കോള്‍ ചെയ്യില്ലെന്നകാര്യം ഉറപ്പുവരുത്തണമെന്ന് മാതാപിതാക്കള്‍ക്ക് കര്‍ശനനിര്‍ദേശം നല്‍കിയാണ് പൊലീസ് മടങ്ങിയത്.