ആലപ്പുഴ വള്ളികുന്നത്ത് പത്തൊന്‍പതുകാരി തൂങ്ങിമരിച്ച സംഭവത്തില്‍ ഭര്‍തൃ മാതാപിതാക്കള്‍ അറസ്റ്റില്‍. സ്ത്രീധന പീഡനത്തിന് കേസെടുത്ത പൊലീസ് പെൺകുട്ടിയുടെ ഭര്‍ത്താവ് വിഷ്ണുവിന്റെ മാതാപിതാക്കളായ ഉത്തമന്‍,
സുലോചന എന്നിവരെ അറസ്റ്റ് ചെയ്യുകയായിരുന്നു. പത്ത് ലക്ഷം രൂപ ആവശ്യപ്പെട്ട് ഇവര്‍ നിരന്തരമായി നടത്തിയ മാനസിക പീഡനമാണ് ആത്മഹത്യയിലേക്ക് നയിച്ചതെന്ന് അന്വേഷണ സംഘം വ്യക്തമാക്കി.
അധിക സ്ത്രീധനം ചോദിച്ചുള്ള നിരന്തരമായ മാനസിക പീഡനത്തെ തുടര്‍ന്നാണ് പെൺകുട്ടി ഭര്‍തൃ വീട്ടല്‍വച്ച് ജീവനൊടുക്കിയത്. 51 പവന്‍ സ്വര്‍ണവും കാറും നല്‍കിയാണ് സൈനികനായ വിഷ്ണുവിന് പെൺകുട്ടിയെ വിവാഹം ചെയ്തു നല്‍കിയത്.
എന്നാല്‍ വിഷ്ണുവിന്റെ സഹോദരിക്ക് നല്‍കാന്‍ 10 ലക്ഷം രൂപ കൂടി വേണമെന്ന് പെൺകുട്ടിയുടെ കുടുംബത്തോട് ആവശ്യപ്പെട്ടു. പണം കിട്ടാന്‍ വൈകുന്തോറും ഭര്‍ത്താവിന്റെ അമ്മ സുലോചനയും അച്ഛന്‍ ഉത്തമനും ചേര്‍ന്ന്,
പെൺകുട്ടിയെ മാനസികമായി പീഡിപ്പിക്കുകയും ഉപദ്രവിക്കുകയും ചെയ്തു. ഭര്‍തൃ വീട്ടിലെ ക്രൂരത സഹിക്കവയ്യാതെയാണ് ജൂണ്‍ 22 ന് പെൺകുട്ടി തൂങ്ങിമരിച്ചതെന്ന് പൊലീസ് പറയുന്നു. വിവാഹം നടന്ന് വെറും മൂന്നു മാസം
തികയുമ്ബോള്‍ ആയിരുന്നു സംഭവം. സ്ത്രീധനത്തിന്റെ പേരില്‍ ആദ്യം ഉറപ്പിച്ച വിവാഹത്തില്‍ നിന്ന് വിഷ്ണുവും കുടുംബവും പിന്മാറിയതായി പൊലീസ് കണ്ടെത്തിയിട്ടുണ്ട്.
പ്രതികള്‍ക്കെതിരെ സ്ത്രീധന പീഡന നിരോധന നിയമം, ആത്മഹത്യാ പ്രേരണ തുടങ്ങി ജാമ്യമില്ല വകുപ്പുകള്‍ ചുമത്തി. അറസ്റ്റ്, നീതി നടപ്പാകുന്നുവെന്ന പ്രതീക്ഷ നല്‍കുന്നതായി പെൺകുട്ടിയുടെ അമ്മ പറഞ്ഞു.