Breaking News

രമ്യ ഹരിദാസ് ഉള്‍പ്പെട്ട വിവാദം; യുവാവ് നല്‍കിയ പരാതിയില്‍ ബല്‍റാമടക്കം 6 കോണ്‍ഗ്രസ് നേതാക്കള്‍ക്കെതിരെ കേസ്.

ഞായറാഴ്ച നിലവിലുള്ള കൊവിഡ് സമ്ബൂര്‍ണലോക്ക്ഡൗണ്‍ നിയന്ത്രണം ലംഘിച്ച്‌ രമ്യ ഹരിദാസ് എംപിയും സംഘവും ഹോട്ടലില്‍ ഭക്ഷണം കഴിക്കാന്‍ കയറിയതുമായി ബന്ധപ്പെട്ടുണ്ടായ ആരോപണങ്ങളില്‍ കേസ്.

മുന്‍ എംഎല്‍എ വി ടി ബല്‍റാം, പാളയം പ്രദീപ് ഉള്‍പ്പടെയുള്ളവര്‍ക്കെതിരെയാണ് പോലീസ് കേസെടുത്തത്.

കൊവിഡ് മാനദണ്ഡം ലംഘിച്ചത് ചോദ്യംചെയ്ത, യുവാവിനെ ആക്രമിച്ചു എന്ന പരാതിയിലാണ് കേസ്. യുവാവ് നല്‍കിയ പരാതിയില്‍ പാലക്കാട് കസബ പോലീസാണ് കേസെടുത്തിരിക്കുന്നത്.

കൈയ്യേറ്റം, ജീവന്‍ അപായപ്പെടുത്തുമെന്ന ഭീഷണി തുടങ്ങിയ വകുപ്പുകള്‍ പ്രകാരമാണ് കേസ്. ഹോട്ടലിലെ സിസിടിവി ദൃശ്യങ്ങള്‍ പരിശോധിച്ചാണ് കോണ്‍ഗ്രസ് നേതാക്കള്‍ക്കെതിരെ കേസെടുത്തിരിക്കുന്നത്. നേരത്തെ ഹോട്ടല്‍ ഉടമയ്ക്കെതിരെ കൊവിഡ് മാനദണ്ഡം ലംഘിച്ചതിന് കേസെടുത്തിരുന്നു.

കഴിഞ്ഞ ഞായറാഴ്ച ഉച്ചതിരിഞ്ഞായിരുന്നു സംഭവം. ആലത്തൂര്‍ എംപി രമ്യാ ഹരിദാസ്, തൃത്താല മുന്‍ എംഎല്‍എ വിടി ബല്‍റാം, കോണ്‍ഗ്രസ് നേതാക്കളായ റിയാസ് മുക്കോളി, പാളയം പ്രദീപ് എന്നിവര്‍ പാലക്കാട്ടെ ഹോട്ടലില്‍ ഇരിക്കുന്ന ദൃശ്യങ്ങളാണ് പുറത്തുവന്നത്.

ലോക്ഡൗണ്‍ ഇളവുകള്‍ ലംഘിച്ച്‌ ഹോട്ടലില്‍ ഭക്ഷണം കഴിക്കാനിരിക്കുന്നത് യുവാവ് ചോദ്യം ചെയ്തതോടെ നേതാക്കള്‍ പുറത്തിറങ്ങി. അതിനിടെ ദൃശ്യങ്ങളെടുത്ത യുവാവിനോട് പാളയം പ്രദീപ് തട്ടിക്കയറുന്ന ദൃശ്യങ്ങളും പുറത്തുവന്നു.

എന്നാല്‍, പാര്‍സല്‍ വാങ്ങാനെത്തിയതാണെന്നും മഴയായതിനാലാണ് ഹോട്ടലില്‍ കയറിയിരുന്നതെന്നുമായിരുന്നു രമ്യയുടെ വിശദീകരണം.

ദൃശ്യങ്ങളെടുത്ത യുവാവ് വൈകിട്ടോടെ പാലക്കാട് ജില്ലാ ആശുപത്രിയില്‍ ചികിത്സ തേടി. രമ്യക്ക് ഒപ്പമുണ്ടായിരുന്നവര്‍ മര്‍ദ്ദിച്ചെന്ന് യുവാവ് പറഞ്ഞു.

ഈ പരാതിയിലാണ് പാലക്കാട് കസബ പൊലീസ് കേസെടുത്തിരിക്കുന്നത്. രമ്യാ ഹരിദാസിനും സംഘത്തിനുമെതിരെ നടപടി ആവശ്യപ്പെട്ട് സിപിഎമ്മും ഡിവൈഎഫ്‌ഐയും രംഗത്തെത്തിയിട്ടുണ്ട്.

About NEWS22 EDITOR

Check Also

തരിശുനിലങ്ങളിൽ കുട്ടനാടൻ മോഡലിൽ വിളഞ്ഞത് നൂറുമേനി.

പുത്തൂർ പവിത്രേശ്വരം പഞ്ചായത്തിൽ വർഷങ്ങളായി തരിശായി കിടന്ന ഏക്കർ കണക്കിന് ഏലയിൽ നടത്തിയ നെൽകൃഷി നൂറുമേനി വിളവെടുത്തു .ഉത്സവം നാടിന് …