കാത്തിരിപ്പിനൊടുവിൽ കുതിരാൻ തുരങ്കം ഭാഗീകമായി തുറന്നു. തൃശ്ശൂർ – പാലക്കാട് പാതയിലെ കുതിരൻ മല തുരന്നുണ്ടാക്കിയ ഇരട്ടതുരങ്കളിലൊന്നാണ് രാത്രി എട്ട് മണിയോടെ ഗതാഗതത്തിനായി തുറന്നു കൊടുത്തത്.
അഞ്ച് മണിക്ക് ടണൽ തുറക്കും എന്നായിരുന്നു ആദ്യം വന്ന അറിയിപ്പ്. പാലക്കാട് നിന്നും തൃശൂർ ഭാഗത്തേക്ക് പോകുന്ന തുരങ്കമാണ് ഇന്ന് ഗതാഗതത്തിനായി തുറന്നു കൊടുക്കുന്നത്. തൃശ്ശൂർ – പാലക്കാട് റൂട്ടിലെ തുരങ്കം കൂടി ഗതാഗതയോഗ്യമാക്കിയാൽ
മാത്രമേ ഇരട്ടതുരങ്കത്തിൻ്റെ ഗുണം പൂർണമായും ജനങ്ങൾക്ക് ലഭിക്കൂ. കുതിരാൻ സുരക്ഷാപരിശോധനകളും മറ്റു നടപടികളും കഴിഞ്ഞ ആഴ്ച അഗ്നിരക്ഷാസേന പൂർത്തിയാക്കുകയും ഫിറ്റ്നസ് സർട്ടിഫിക്കറ്റ് നൽകുകയും ചെയ്തിരുന്നു.
തുടർന്ന് തുരങ്കം തുറക്കാനായി കേന്ദ്ര ഉപരിതല ഗതാഗതമന്ത്രാലയത്തിൻ്റെ അനുമതിക്കായി കാത്തിരിക്കുകയായിരുന്നു. അടുത്ത ആഴ്ചയോടെ മാത്രമേ കേന്ദ്രാനുമതി ലഭിക്കൂ എന്നാണ് കരുതിയതെങ്കിലും മുഖ്യമന്ത്രി പിണറായി വിജയൻ കേന്ദ്ര
ഉപരിതല ഗതാഗതമന്ത്രി നിതിൻ ഗഡ്കരിയുമായി സംസാരിക്കുകയും തുരങ്കം ഗതാഗതത്തിന് തുറക്കാൻ പെട്ടെന്ന് അനുമതി നൽകണമെന്ന് ആവശ്യപ്പെടുകയും ചെയ്തിരുന്നു. ഇതിനു പിന്നാലെയാണ് തുരങ്കം ഗതാഗതത്തിന്
തുറക്കുന്നതായി കേന്ദ്ര ഉപരിതല ഗതാഗതമന്ത്രി നിതിൻ ഗഡ്കരി അറിയിച്ചത്. രണ്ടാം പിണറായി സർക്കാർ അധികാരത്തിലേറ്റതിന് പിന്നാലെ ചേർന്ന ഉന്നതതലയോഗത്തിൽ കുതിരാൻ തുരങ്കം അടിയന്തരമായി തുറക്കാൻ
വേണ്ട നടപടികൾ സ്വീകരിക്കണമെന്ന് നിർദേശിച്ചിരുന്നു. പൊതുമാരമത്ത് മന്ത്രി പി.എ.മുഹമ്മദ് റിയാസ് എല്ലാ ആഴ്ചയും തുരങ്ക നിർമ്മാണത്തിൻ്റെ പുരോഗതി വിലയിരുത്തിയിരുന്നു. ആഗസ്റ്റ്
ഒന്നിന് തുരങ്കം ഗതാഗതത്തിനായി തുറക്കും എന്ന് മുഖ്യമന്ത്രി പ്രഖ്യാപിച്ചതോടെ സമയബന്ധിതമായി നിർമ്മാണം പൂർത്തിയാക്കാനുള്ള ശ്രമത്തിലായിരുന്നു ഉദ്യോഗസ്ഥർ.