തമിഴ്നാട് വിഭജനം സംബന്ധിച്ച് ഊഹാപോഹങ്ങള്‍ക്ക് വിരാമമിട്ട് കേന്ദ്രസര്‍ക്കാര്‍. ഇത് സംബന്ധിച്ച് യാതൊരു നിര്‍ദ്ദേശങ്ങളും നിലവില്‍ പരിഗണനയിലില്ലെന്ന് കേന്ദ്ര സര്‍ക്കാര്‍ സ്ഥിരീകരിച്ചു.
തമിഴ്‌നാട് ഉള്‍പ്പെടെ രാജ്യത്തെ ഏതെങ്കിലും സംസ്ഥാനം വിഭജിക്കാന്‍ സര്‍ക്കാരിന് എന്തെങ്കിലും നിര്‍ദ്ദേശം ഉണ്ടോയെന്ന് രണ്ട് തമിഴ്‌നാട് എംപിമാര്‍ ലോക്സഭയില്‍ ചോദ്യങ്ങള്‍ ഉന്നയിച്ചിരുന്നു.
ഇത്തരത്തില്‍ വിഭജിക്കാന്‍ ആവശ്യം സര്‍ക്കാരിന് ലഭിച്ചിട്ടുണ്ടോ എന്നും അവര്‍ പാര്‍ലമെന്റില്‍ ചോദിച്ചു. ഇതിന് മറുപടിയായാണ് കേന്ദ്രം നിലപാട് വ്യക്തമാക്കിയത്. ഡിഎംകെയുടെ എംപിയായ എസ്
രാമലിംഗവും ഐജികെയുടെ എംപിയായ ടി ആര്‍ പരിവേന്ദറുമാണ് സഭയില്‍ ഇക്കാര്യം ഉന്നയിച്ചത്. ഇത്തരത്തില്‍ ഒരു വിഭജനത്തിന്റെ കാരണങ്ങള്‍, ഉദ്ദേശം, ലക്ഷ്യങ്ങള്‍ എന്തെല്ലാമാണെന്നും ഇരുവരും ചോദിച്ചു.
ഈ ചോദ്യങ്ങള്‍ക്ക് മറുപടിയായി ആഭ്യന്തര സഹമന്ത്രി നിത്യാനന്ദ് റായാണ് കേന്ദ്ര സര്‍ക്കാരിന്റെ നിലപാട് വ്യക്തമാക്കിയത്. പുതിയ സംസ്ഥാനങ്ങള്‍ സൃഷ്ടിക്കുന്നതിനായി വിവിധ വ്യക്തികളില്‍ നിന്നും സംഘടനകളില്‍ നിന്നും
കാലാകാലങ്ങളില്‍ ആവശ്യങ്ങള്‍ ഉയരുന്നുണ്ട്. ഒരു പുതിയ സംസ്ഥാനത്തിന്റെ രൂപീകരിക്കുന്നതിലൂടെ അനന്തരഫലങ്ങളും നമ്മുടെ രാജ്യത്തെ ഫെഡറല്‍ രാഷ്ട്രീയത്തെ നേരിട്ട് ബാധിക്കുന്നുവെന്ന് കേന്ദ്ര മന്ത്രി പറഞ്ഞു.
പ്രസക്തമായ എല്ലാ ഘടകങ്ങളേയും കണക്കിലെടുത്തതിന് ശേഷം മാത്രമേ പുതിയ സംസ്ഥാനങ്ങള്‍ രൂപീകരിക്കുന്ന കാര്യത്തില്‍ സര്‍ക്കാര്‍ കടക്കൂ എന്നും കേന്ദ്രം വ്യക്തമാക്കി. എന്നാല്‍,
നിലവില്‍ അത്തരത്തില്‍ ഒരു നിര്‍ദ്ദേശവും പരിഗണിക്കുന്നില്ലെന്ന് അദ്ദേഹം പറഞ്ഞു. ഇതോടെ, തമിഴ്നാട് വിഭജനത്തെ സംബന്ധിച്ച് കിംവദന്തിക്ക് വിരാമമമായി. കോയമ്ബത്തൂര്‍, തിരുപ്പൂര്‍, ഈറോഡ്, നാമക്കല്‍, സേലം, ധര്‍മപുരി,
നീലഗിരി, കരൂര്‍, കൃഷ്ണഗിരി എന്നീ ജില്ലകള്‍ ഉള്‍പ്പെടുന്ന പ്രദേശത്തിന് കീഴില്‍ പത്തു ലോക്‌സഭ മണ്ഡലങ്ങളും 61 നിയമസഭ മണ്ഡലങ്ങളുമുണ്ട്. സമീപ മേഖലയിലെ കുറച്ചു മണ്ഡലങ്ങള്‍
കൂടി ചേര്‍ത്ത് 90 നിയമസഭാ മണ്ഡലങ്ങളോടെ 2024 ലെ ലോക്‌സഭ തെരഞ്ഞെടുപ്പിനുമുമ്ബ് കൊങ്കുനാട് സംസ്ഥാനമാക്കി മാറ്റാന്‍ ബിജെപി ശ്രമിക്കുന്നു എന്നായിരുന്നു പ്രചാരണം.