ആറ്റിങ്ങല്‍ അവനവന്‍ചേരിയില്‍ മത്സ്യത്തൊഴിലാളിക്ക് നേരെ നടന്ന അതിക്രമത്തില്‍ പ്രതിഷേധിച്ച് തീരദേശ നിവാസികള്‍ അഞ്ചുതെങ്ങില്‍ റോഡുപരോധിച്ചു. വിവിധ കേന്ദ്രങ്ങളില്‍ നിന്ന് ജാഥയായി മത്സ്യത്തൊഴിലാളികള്‍ അഞ്ചുതെങ്ങ് ജംഗ്ഷനിലേക്ക് എത്തി.
ഇവിടെവച്ച് ആക്ഷന്‍ കൗണ്‍സില്‍ കണ്‍വീനര്‍ ഫാദര്‍ ലൂസിയാന്‍ തോമസ് സമരം ഉദ്ഘാടനം ചെയ്തു. നിരവധിപേര്‍ ഉപരോധത്തില്‍ പങ്കെടുത്തു. ആറ്റിങ്ങലില്‍ നഗരസഭാ ജീവനക്കാര്‍ റോഡുവക്കില്‍ കച്ചവടം ചെയ്തുകൊണ്ടിരുന്ന അല്‍ഫോന്‍സിയ എന്ന
മത്സ്യത്തൊഴിലാളിയുടെ മത്സ്യം തട്ടിത്തെറിപ്പിച്ച സംഭവത്തിന്റെ പശ്ചാത്തലത്തിലായിരുന്നു ഉപരോധം. ഇന്ന് മത്സ്യബന്ധവും വിപണനവും നിര്‍ത്തി വച്ചു. നഗരസഭാ ജീവനക്കാര്‍ക്കെതിരെ നടപടിയെടുക്കും വരെ ശക്തമായ സമരം തുടരുമെന്ന്
ആക്ഷന്‍ കൗണ്‍സില്‍ അറിയിച്ചു. മത്സ്യത്തൊഴിലാളി സ്ത്രീകള്‍ക്കെതിരായ അതിക്രമങ്ങളില്‍ അധികൃതര്‍ യാതൊരു നടപടിയും സ്വീകരിക്കുന്നില്ലെന്നും പ്രതിഷേധക്കാര്‍ ആരോപിച്ചു.
പ്രതിഷേധത്തിന്റെ ഭാഗമായി കഴിഞ്ഞദിവസം മനുഷ്യച്ചങ്ങല തീര്‍ത്തിരുന്നു. കഴിഞ്ഞയാഴ്ചയാണ് അല്‍ഫോന്‍സിയയുടെ നേര്‍ക്ക് ആറ്റിങ്ങള്‍ നഗരസഭാ ജീവനക്കാരുടെ അതിക്രമമുണ്ടായത്.
സംഭവത്തില്‍ നിലപാട് കടുപ്പിച്ച് പ്രതിപക്ഷം രംഗത്തെത്തിയിരുന്നു. മുന്‍മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടിയും പ്രതിപക്ഷനേതാവ് വി ഡി സതീശനും അല്‍ഫോന്‍സിയയുടെ വീട്ടിലെത്തിയിരുന്നു.