മാർവൽ കോമിക്സും സോണി പിക്ചേഴ്സും ചേർന്നൊരുക്കുന്ന ഏറ്റവും പുതിയ സിനിമയായ ‘സ്പൈഡർമാർ നോ വേ ഹോം’ ട്രെയിലർ വമ്പൻ ഹിറ്റ്. നിരവധി റെക്കോർഡുകളാണ് കഴിഞ്ഞ ദിവസം പുറത്തിറങ്ങിയ ട്രെയിലർ കടപുഴക്കിയിരിക്കുന്നത്.
മാർവലിൻ്റെ ഏറ്റവും ചെലവേറിയ ‘അവഞ്ചേഴ്സ് എൻഡ് ഗെയിമി’നെയടക്കം പിന്തള്ളിയാണ് സപൈഡർമാൻ സിനിമയുടെ കുതിപ്പ്. (spiderman no way home) റിലീസായി 24 മണിക്കൂറിനകം 355.5 മില്ല്യൺ ആളുകളാണ് സ്പൈഡർമാൻ ടീസർ ട്രെയിലർ കണ്ടത്.
അവഞ്ചേഴ്സ് എൻഡ് ഗെയിം ട്രെയിലർ ആദ്യ 24 മണിക്കൂറിനുള്ളിൽ കണ്ടത് 289 മില്ല്യൺ ആളുകളായിരുന്നു. സോണി പിക്ചേഴ്സ് തന്നെയാണ് തങ്ങളുടെ ട്വിറ്റർ ഹാൻഡിലിലൂടെ ഇക്കാര്യം പുറത്തുവിട്ടത്.
സ്പൈഡർമാൻ്റെ മുൻകാല വില്ലന്മാരെല്ലാം പ്രത്യക്ഷപ്പെടുന്നുണ്ടെന്നതാണ് ഈ സിനിമയുടെ ഹൈലൈറ്റ്. ഇലക്ട്രോ, ഡോക്ടർ ഒക്ടോപ്പസ്, സാൻഡ് മാൻ, ഗ്രീൻ ഗോബ്ലിൻ എന്നിവരൊക്കെ സിനിമയിൽ വേഷമിടുന്നു.
ഏറ്റവും പുതിയ സ്പൈഡർമാനായ ടോം ഹോളണ്ടിനൊപ്പം മുൻകാല സ്പൈഡർമാനായ ടോബി മക്ഗ്വയറും സിനിമയിൽ അഭിനയിക്കുമെന്ന റിപ്പോർട്ടുകളുണ്ട്. ഡിസംബർ 17ന് ലോകവ്യാപകമായി സിനിമ റിലീസാവും.