മോഷണം ആരോപിച്ച് ലോറിയുടെ പിന്നില്‍കെട്ടി റോഡിലൂടെ വലിച്ചിഴച്ച ആദിവാസി യുവാവിന് ദാരുണാന്ത്യം. മധ്യപ്രദേശിലെ നീമച്ച് ജില്ലയിലെ ജെട്‌ലിയ ഗ്രാമത്തിലാണ് 45കാരനായ കനിയ്യ ഭീല്‍ ആള്‍ക്കൂട്ടമര്‍ദ്ദനത്തെ തുടര്‍ന്ന് കൊല്ലപ്പെട്ടത്.
ബാനഡ സ്വദേശിയായ കനിയ്യ ജെട്‌ലിയ ഗ്രാമത്തിലെ വീടുകളില്‍ കവര്‍ച്ച നടത്തിയെന്ന് ആരോപിച്ച് നാട്ടുകാര്‍ പിടികൂടി ക്രൂരമായി മര്‍ദിക്കുകയായിരുന്നു. ഇതിന് പിന്നാലെ ലോറിയുടെ പിറകില്‍ കെട്ടിയിട്ട് റോഡിലൂടെ വലിച്ചിഴച്ചു.
ഒരു മോഷ്ടാവിനെ പിടികൂടിയിട്ടുണ്ടെന്നും പരിക്കേറ്റ മോഷ്ടാവിന് അടിയന്തര വൈദ്യസഹായം ആവശ്യമുണ്ടെന്നും നാട്ടുകാര്‍ പൊലീസ് സ്റ്റേഷനില്‍ വിളിച്ചറിയിക്കുകയായിരുന്നു എന്ന് നീമച്ച് എഎസ്പി സുന്ദര്‍ സിങ് കനേഷ് വ്യക്തമാക്കി.
എന്നാല്‍ പോലീസ് സംഭവസ്ഥലത്തെത്തി കനിയ്യയെ ജില്ലാ ആശുപത്രിയിലെത്തിച്ചെങ്കിലും രക്ഷിക്കാനായില്ല. യുവാവിനെ ലോറിക്കു പിന്നില്‍ കെട്ടിയിട്ട് റോഡിലൂടെ വലിച്ചിഴയ്ക്കുന്ന വിഡിയോ
സമൂഹമാധ്യമങ്ങളില്‍ പ്രചരിച്ചതോടെയാണ് ക്രൂരമായ സംഭവം പുറത്തറിയുന്നത്. ഇതേ തുടര്‍ന്ന് കേസെടുത്ത് അന്വേഷണം ആരംഭിച്ച പോലീസ് എട്ടുപേരെ അറസ്റ്റ് ചെയ്തു. കൃത്യത്തില്‍ പങ്കുള്ള മറ്റുള്ളവര്‍ക്കായി തിരച്ചില്‍ ആരംഭിച്ചതായി പോലീസ് വ്യക്തമാക്കി.