അഫ്ഗാനിൽ നിന്നുള്ള ശേഷിക്കുന്ന ഇന്ത്യക്കാരുടെ മടക്കം ഇന്ന് ഉണ്ടാകുമെന്ന് സൂചന. ഇരട്ട സ്ഫോടനത്തിന് ശേഷം പ്രതിസന്ധിയിലായ പൗരന്മാരുടെ മടക്കം പൂർത്തിയാക്കാൻ ഇന്ത്യ അടക്കമുള്ള രാജ്യങ്ങൾക്ക് അവസരം നൽകും എന്നാണ് വിവരം.
ഇക്കാര്യത്തിൽ അമേരിക്ക ഇന്ത്യ അടക്കമുളള രാജ്യങ്ങളുടെ അഭ്യർത്ഥന സ്വീകരിച്ചു. കേന്ദ്രസർക്കാരും ഇന്ന് അഫ്ഗാൻ വിഷയം അവലോകനം ചെയ്യും. ക്യാബിനെറ്റ് സെക്രട്ടറിയുടെ അദ്ധ്യക്ഷതയിലാണ് അവലോകനയോഗം നടക്കുക.
യോഗത്തിന് ശേഷം ക്യാബിനെറ്റ് സെക്രട്ടറി പ്രധാനമന്ത്രിയെ നേരിൽ കണ്ട് വിവരങ്ങൾ ധരിപ്പിക്കും. ഇന്നാണ് ഇന്ത്യ അഫ്ഗാനിൽ നിന്നുള്ള രക്ഷാ ദൗത്യം അവസാനിപ്പിക്കാൻ തീരുമാനിച്ചിരുന്നത്.
അതേസമയം, ഇന്ത്യയുമായുള്ള ബന്ധം സുപ്രധാനമെന്ന് താലിബാൻ പറഞ്ഞു. ഇന്ത്യയുമായുള്ള സാംസ്ക്കാരിക, സാമ്പത്തിക, രാഷ്ട്രിയ ബന്ധങ്ങൾ പ്രധാനമാണെന്നും ഇന്ത്യയുമായ് നല്ലബന്ധം ഉണ്ടാക്കാൻ
ശ്രമങ്ങൾ നടക്കുന്നതായും താലിബാൻ അറിയിച്ചു. ദോഹയിലുള്ള താലിബാന്റെ ഉപമേധാവി ഷേർ മുഹമ്മദ് അബ്ബാസ് നെക്സായ് ആണ് ഇത് സംബന്ധിച്ച പ്രസ്താവന നടത്തിയത്.