പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിയെ പീഡിപ്പിച്ച കേസില്‍ രണ്ട് പേര്‍ക്കെതിരെ കേസ്. പെണ്‍കുട്ടിയെ പ്രലോഭിപ്പിച്ച് ശാരീരികമായി ദുരുപയോഗം ചെയ്ത യുവാക്കളെയാണ് പോലീസ് അറസ്റ്റ് ചെയ്തത്.
വൈക്കം സ്വദേശിനിയായ പെണ്‍കുട്ടിയെ പീഡിപ്പിച്ച കേസില്‍ പാലക്കാട് വണ്ടിത്താവളം സ്വദേശി രാജേഷി(21) നെയാണ് പോലീസ് അറസ്റ്റ് ചെയ്തത്. ഫേസ്‌ബുക്ക് വഴിയാണ് ഇരുവരും പരിചയപ്പെട്ടത്.
പരിചയം മുതലെടുത്ത് യുവാവ് പെണ്‍കുട്ടിയെ കാണാന്‍ വൈക്കത്തെത്തി. ഇരുവരും കായലോര ബീച്ചില്‍ വെച്ച് കണ്ടുമുട്ടി. പിന്നീട് സൗഹൃദം മുതലെടുത്ത് പെണ്‍കുട്ടിയുടെ വയോധികയായ ബന്ധു തനിച്ചു താമസിക്കുന്ന വീട്ടിലെത്തിച്ച് യുവാവ് പീഡിപ്പിക്കുകയായിരുന്നു.
കുറച്ച് ദിവസങ്ങള്‍ക്ക് മുന്‍പ് പെണ്‍കുട്ടിയെ കാണാതാവുകയും തുടര്‍ന്ന് നടത്തിയ അന്വേഷണത്തില്‍ തിരുവനന്തപുരം സ്വദേശിയായ മറ്റൊരു യുവാവിനൊപ്പം കണ്ടെത്തുകയുമായിരുന്നു.
പെണ്‍കുട്ടിയുടെ മാതാപിതാക്കളുടെ പരാതിയെ തുടര്‍ന്നാണ് പോലീസ് അന്വേഷണം നടത്തിയത്. യുവാവിനൊപ്പം കണ്ടെത്തിയ പെണ്‍കുട്ടിയെ വൈദ്യപരിശോധനയ്ക്കു വിധേയയാക്കിയപ്പോഴാണ് ശാരീരിക പീഡനത്തിന് ഇരയായതായി വ്യക്തമായത്.
തിരുവനന്തപുരത്തുള്ള യുവാവുമായി പെണ്‍കുട്ടി അടുപ്പത്തിലായതും ഫേസ്‌ബുക്ക് വഴിയാണ്. അടുപ്പം മുതലെടുത്ത് യുവാവ് പെണ്‍കുട്ടിയെ പ്രലോഭിപ്പിച്ച് കടത്തിക്കൊണ്ടു പോവുകയായിരുന്നുവെന്നാണ് പോലീസ് വ്യക്തമാക്കുന്നത്. യുവാക്കള്‍ക്കെതിരെ പോക്സോ നിയമപ്രകാരം പോലീസ് കേസെടുത്തിട്ടുണ്ട്.