ബലൂണ്‍ വില്‍പന സംഘം കുട്ടികളെ തട്ടികൊണ്ടു പോകുന്നതായി വ്യാജ പ്രചാരണം. മഞ്ചേശ്വരം, കുമ്ബള പൊലീസ് സ്റ്റേഷന്‍ പരിധിയില്‍പ്പെട്ട ഉപ്പള, മഞ്ചേശ്വരം, ബന്തിയോട്, കുമ്ബള എന്നിവിടങ്ങളില്‍ കുട്ടികളെ തട്ടികൊണ്ടു പോകുന്ന 10 വീതം ആളുകളടങ്ങുന്ന സംഘം ഇറങ്ങിയിട്ടുണ്ടെന്ന തരത്തിലാണ് ഭീതി പരത്തുന്ന വീഡിയോ, ഓഡിയോ സന്ദേശങ്ങള്‍ സാമൂഹ്യ മാധ്യമങ്ങളിലൂടെ പ്രചരിക്കുന്നത്.
വീഡിയോയില്‍ ഒരു സ്ത്രീയും ഓഡിയോയില്‍ ഒരു പുരുഷനുമാണ് ദൃക്സാക്ഷി വിവരണം നടത്തുന്നത്. ഒരു കവര്‍ചാ കേസുമായി ബന്ധപ്പെട്ട് ഉപ്പളയില്‍ വെള്ളിയാഴ്ച പൊലീസ് വാഹന പരിശോധന നടത്തിയിരുന്നു. ഇതേ തുടര്‍ന്ന് കുറച്ച് സമയം ഗതാഗത സ്തംഭനം ഉണ്ടായതോടെയാണ് കുട്ടികളെ തട്ടികൊണ്ടു പോയെന്ന രീതിയിലുള്ള പ്രചാരണം ഉണ്ടായതെന്ന് മഞ്ചേശ്വരം ഇന്‍സ്പെക്ടര്‍ സന്തോഷ് കുമാര്‍ കാസര്‍കോട് വാര്‍ത്തയോട് പറഞ്ഞു.
കിംവദന്തി പ്രചരിപ്പിക്കുന്നവര്‍ക്കെതിരെ കര്‍ശന നടപടി സ്വീകരിക്കുമെന്ന മുന്നറിയിപ്പും പൊലീസ് നല്‍കുന്നു. കുട്ടികളെ തട്ടികൊണ്ടു പോകുന്ന ഒരു സംഘത്തെ ഉപ്പളയില്‍ നിന്നും നാട്ടുകാര്‍ പിടികൂടി പൊലീസിനെ ഏല്‍പിച്ചുവെന്നും താന്‍ ഇതിന് ദൃക്സാക്ഷിയാണെന്നുമാണ് ഒരാളുടെ പ്രചാരണം. ജനങ്ങളില്‍ മന:പൂര്‍വം ഭീതി സൃഷ്ടിച്ച് മുതലെടുപ്പ് നടത്തുന്നവരെ കണ്ടെത്തുമെന്നാണ് പൊലീസ് വ്യക്തമാക്കുന്നത്.