കനത്ത പോരാട്ടത്തിനൊടുവിൽ അഫ്ഗാനിലെ വടക്കൻ പ്രവിശ്യയായ പഞ്ച്ശീർ താഴ്‌വരയും കീഴടങ്ങി. ഇതോടെ അഫ്ഗാനിസ്ഥാൻ പൂർണമായും താലിബാന്റെ നിയന്ത്രണത്തിലായി. താലിബാനു കീഴടങ്ങാതെ ചെറുത്തുനിന്ന പഞ്ച്‌ശീറിൽ ഏതാനും ദിവസമായി പോരാട്ടം
തുടരുകയായിരുന്നു. താലിബാൻ സ്ഥാപകനേതാവായ മുല്ലാ ബറാദറിന്റെ നേതൃത്വത്തിലുള്ള അഫ്ഗാൻ സർക്കാരിന്റെ പ്രഖ്യാപനം ഉടൻ ഉണ്ടാകും. താലിബാൻ രാഷ്ട്രീയവിഭാഗം മേധാവിയായ മുല്ല ബറാദറിനൊപ്പം
സംഘടനയുടെ സ്ഥാപകനായ മുല്ല ഒമറിന്റെ മകൻ മുല്ല മുഹമ്മദ് യാക്കൂബ്, ഷേർ മുഹമ്മദ് അബ്ബാസ് സ്റ്റാനെക്സായി എന്നിവരും സർക്കാരിൽ പ്രധാന സ്ഥാനങ്ങളിലുണ്ടാവുമെന്ന് താലിബാൻ കേന്ദ്രങ്ങൾ സൂചിപ്പിച്ചു.
ഏറ്റവും പ്രധാന സഖ്യകക്ഷി ചൈനയായിരിക്കുമെന്ന് താലിബാൻ വക്താവ് സബിഹുല്ല മുജാഹിദ് വ്യക്തമാക്കി. അഫ്ഗാനിൽ വൻ നിക്ഷേപത്തിനും പുനർനിർമാണ പദ്ധതികൾക്കും ചൈന സഹായം വാഗ്ദാനം ചെയ്തിട്ടുണ്ട്. റഷ്യയും പ്രധാന സഖ്യകക്ഷിയാണെന്ന് താലിബാൻ പറഞ്ഞു.
അഫ്ഗാൻ ജനതയ്ക്കു സഹായമെത്തിക്കുന്നതിനായി താലിബാനുമായി സഹകരിക്കുമെന്നും എന്നാൽ സർക്കാരിന് അംഗീകാരം നൽകി എന്നല്ല ഇതിനർഥമെന്നും യൂറോപ്യൻ യൂണിയൻ വിദേശകാര്യ മേധാവി ജോസഫ് ബോറൽ അറിയിച്ചു. സമാനമായ സഹകരണം ബ്രിട്ടനും വാഗ്ദാനം ചെയ്തു.