കാബൂളില്‍ ഐസിസ് തീവ്രവാദികള്‍ക്കെതിരെ ഡ്രോണ്‍ ആക്രമണം നടത്തുന്നതിനിടയില്‍ തങ്ങള്‍ക്ക് വലിയൊരു പിഴവ് പറ്റിയെന്ന് സമ്മതിച്ച് അമേരിക്ക. അഫ്ഗാനിസ്ഥാനില്‍ നിന്നുള്ള പിന്മാറ്റം പൂര്‍ത്തിയാകുന്നതിനു മുന്‍പ് നടത്തിയ ആക്രമണത്തില്‍ പത്തംഗ കുടുംബം കൊല്ലപ്പെട്ട സംഭവത്തിലാണ് അമേരിക്കയുടെ പ്രതികരണം.
അതൊരു വലിയ തെറ്റായിരുന്നുവെന്ന് യുഎസ് സെന്‍ട്രല്‍ കമാന്‍ഡ് കമാന്‍ഡര്‍ ജനറല്‍ കെന്നത്ത് മക്കെന്‍സി പറഞ്ഞു. കൊല്ലപ്പെട്ടവരുടെ ആശ്രിതര്‍ക്ക് നഷ്ടപരിഹാരം നല്‍കുന്നതുമായി ബന്ധപ്പെട്ടുള്ള കാര്യങ്ങള്‍ ചര്‍ച്ച ചെയ്യുകയാണെന്നും മക്കെന്‍സി അറിയിച്ചു.
കൊല്ലപ്പെട്ടവരുടെ ബന്ധുക്കളോട് യുഎസ് പ്രതിരോധ സെക്രട്ടറി ലോയ്ഡ് ഓസ്റ്റിന്‍ പ്രസ്താവനയിലൂടെ ക്ഷമ ചോദിച്ചു. തെറ്റില്‍ നിന്ന് പാഠം പഠിക്കാന്‍ തങ്ങള്‍ ശ്രമിക്കുമെന്നും അദ്ദേഹം പറഞ്ഞു. ഐസിസ് തീവ്രവാദികളാണെന്ന് തെതെറ്റിദ്ധരിച്ചാണ് കുടുംബത്തെ വധിച്ചതെന്ന് യുഎസ് സെന്‍ട്രല്‍ കമാന്‍ഡ് അന്വേഷണത്തില്‍ കണ്ടെത്തിയതിന് പിന്നാലെയാണ് അമേരിക്ക ക്ഷമ ചോദിച്ചത്.
കഴിഞ്ഞമാസം 29ന് സമെയ്‌രി അക്മദി കാറിന്റെ ഡിക്കിയില്‍ വെള്ളം നിറച്ച കാനുകള്‍ കയറ്റുമ്ബോള്‍ നിരീക്ഷണ ഡ്രോണ്‍ അത് സ്ഫോടകവസ്തുക്കളാണെന്നു തെറ്റിദ്ധരിച്ചതാണ് ആക്രമണത്തിനു കാരണമായത്. കൊല്ലപ്പെട്ട പത്ത് പേരില്‍ ഏഴും കുട്ടികളാണ്.