എം എല്‍ എ ഗണേശ് കുമാറിനെ പരോക്ഷമായി വിമര്‍ശിക്കുന്ന പോസ്റ്റ് മുന്‍ കൊല്ലം കളക്ടര്‍ ബി അബ്ദുല്‍ നാസര്‍ ഫേസ്ബുക്കില്‍ നിന്ന് നീക്കം ചെയ്തു. പത്തനാപുരം മണ്ഡലത്തില്‍ നിലനില്‍ക്കുന്ന പട്ടയ പ്രശ്നങ്ങളുടെ പേരില്‍ അബ്ദുല്‍ നാസറിനെ ഗണേശ് കുമാര്‍ വിമര്‍ശിച്ചതിനു മറുപടിയായിട്ടായിരുന്നു ഫേസ്ബുക്ക് പോസ്റ്റ്. “ഇതുവരെ മിണ്ടാട്ടം മുട്ടിപ്പോയതാണോ അതോ ആളില്ലാത്ത പോസ്റ്റില്‍ ചുമ്മാ ഗോളടിക്കാമെന്നു കരുതിയോ. കൊള്ളാം നേതാവേ”, എന്നായിരുന്നു മുന്‍ കളക്ടറുടെ പോസ്റ്റ്.
തൊഴിലുറപ്പ് മിഷന്‍ ഡയറക്ടര്‍ സ്ഥാനത്തേക്ക് അബ്ദുല്‍ നാസര്‍ മാറിയതിനു പിന്നാലെ പത്തനാപുരത്തു സംഘടിപ്പിച്ച ഒരു പൊതുയോഗത്തില്‍ വച്ചായിരുന്നു എം എല്‍ എയുടെ വിമര്‍ശനം. പത്തനാപുരം മണ്ഡലത്തില്‍ നിലനില്‍ക്കുന്ന പട്ടയപ്രശ്നങ്ങളുടെ പേരില്‍ ഗണേശ് കുമാര്‍ നിരവധി വിമര്‍ശനങ്ങളും ആരോപണങ്ങളും നേരിട്ടിരുന്നു. എന്നാല്‍ പട്ടയപ്രശ്നങ്ങളുടെ എല്ലാം കാരണം അന്ന് കളക്ടറായിരുന്ന അബ്ദുല്‍ നാസറിന്റെ ചില നിലപാടുകളായിരുന്നുവെന്നാണ് ഗണേശ് കുമാര്‍ ആരോപിച്ചത്. കളക്ടര്‍ വിളിച്ചിരുന്ന യോഗങ്ങള്‍ ഒരു പ്രയോജനവുമില്ലാത്തവയായിരുന്നെന്നും അതിനാല്‍ താന്‍ ഈ യോഗങ്ങളില്‍ പങ്കെടുക്കാറില്ലായിരുന്നുവെന്നും എം എല്‍ എ പൊതുയോഗത്തില്‍ പറഞ്ഞിരുന്നു.