വ്യോമസേനയുടെ അവ്രോ-748 ചരക്ക് വിമാനങ്ങള്‍ക്ക് പകരം എയര്‍ബസ് സി-295 എംഡബ്ല്യു വിമാനങ്ങള്‍ വാങ്ങാന്‍ 20,000 കോടിയുടെ കരാറില്‍ ഇന്ത്യ ഒപ്പുവെച്ചു. സ്പെയിന്‍ എയര്‍ബസ് ഡിഫന്‍സ് ആന്‍ഡ് സ്പേസില്‍ നിന്നാണ് 56 സി-295 എംഡബ്ല്യു വിമാനങ്ങള്‍ ഇന്ത്യ വാങ്ങുന്നത്. 48 മാസത്തിനുള്ളില്‍ 16 വിമാനങ്ങള്‍ ഇന്ത്യയ്ക്ക് ലഭിക്കും. സാങ്കേതികവിദ്യ കൈമാറ്റത്തിലൂടെ 10 വര്‍ഷം കൊണ്ട് ബാക്കി 40 വിമാനങ്ങള്‍ ഇന്ത്യയില്‍ നിര്‍മിക്കും.
ടാറ്റ കണ്‍സോര്‍ഷ്യമാണ് വിമാനങ്ങള്‍ നിര്‍മിക്കുക. അഞ്ച് മുതല്‍ പത്ത് ടണ്‍ വരെ ഭാരം വഹിക്കാന്‍ സി-295 എംഡബ്ല്യു വിമാനങ്ങള്‍ക്ക് കഴിയും. സൈനികരേയും ചരക്കുകളും പാരാഡ്രോപ്പ് ചെയ്യുന്നതിനുള്ള സൗകര്യവും വിമാനത്തിലുണ്ട്. അടിയന്തര സാഹചര്യങ്ങള്‍ നേരിടാന്‍ സേനയ്ക്ക് കരുത്താകുമെന്ന് പ്രതീക്ഷിക്കുന്ന വിമാനത്തിന് പറന്നുയരുന്നതിനും ഇറങ്ങുന്നതിനും എയര്‍സ്ട്രിപ്പുകള്‍ മതിയാകും.
പൂര്‍ണ്ണ സജ്ജമായ റണ്‍വേ ആവശ്യമില്ലാത്ത എയര്‍ സ്ട്രിപ്പുകളില്‍ പ്രവര്‍ത്തിക്കാന്‍ കഴിയുന്ന ഈ വിമാനം അടിയന്തിര സാഹചര്യങ്ങള്‍ നേരിടുന്നതിനും സൈന്യത്തിന്റെയും ചരക്കുകളുടെയും നീക്കങ്ങള്‍ക്കും പ്രയോജനപ്രദമാണ്. പാരാ ഡ്രോപ്പിംഗിനായി പിന്‍ഭാഗത്ത് റാമ്ബ് ഡോര്‍ ഇതിലുണ്ട്. വ്യോമസേനയുടെ,പ്രത്യേകിച്ച് വടക്ക്, വടക്കുകിഴക്കന്‍ മേഖലയിലും ആന്‍ഡമാന്‍ നിക്കോബാര്‍ ദ്വീപുകളിലും തന്ത്രപരമായ എയര്‍ലിഫ്റ്റ് ശേഷി വര്‍ദ്ധിക്കാന്‍ ഈ വിമാനം പ്രയോജനപ്രദമാണ്.