താണയില്‍ വന്‍ അഗ്നിബാധ. ദേശീയപാതക്കരികില്‍ ടി.വി.എസ് മോട്ടോഴ്സ് പ്രവര്‍ത്തിച്ചിരുന്ന കെട്ടിടത്തിലാണ് തീപിടിത്തമുണ്ടായത്. ഒന്നാംനിലയിലെ ഏഴ് കടമുറികള്‍ കത്തിയമര്‍ന്നു. ഞായറാഴ്ച വൈകീട്ട് നാലരയോടെയാണ് സംഭവം. ഗ്രെയ്സ് മോട്ടോഴ്സ് എന്ന സ്ഥാപനത്തിനാണ് ആദ്യം തീപിടിച്ചത്.
തുടര്‍ന്ന് പൂട്ടിയിട്ടിരുന്ന ഏഴ് കടകളിലേക്ക് തീപടരുകയായിരുന്നു. ഈ കടമുറികളിലൊന്നും സ്ഥാപനങ്ങള്‍ പ്രവര്‍ത്തിച്ചിരുന്നില്ല. കണ്ണൂര്‍, തലശ്ശേരി, മട്ടന്നൂര്‍ എന്നിവിടങ്ങളില്‍നിന്നുള്ള അഗ്നിശമന സേന സ്ഥലത്തെത്തി ഏറെ പ്രയാസപ്പെട്ടാണ് തീയണച്ചത്. ഷോര്‍ട്ട് സര്‍ക്യൂട്ടാണ് തീപിടിത്തത്തിന് കാരണമെന്നാണ് പ്രാഥമിക നിഗമനം.
അഗ്നിബാധയെ തുടര്‍ന്നുണ്ടായ വന്‍ പുകപടലം അന്തരീക്ഷത്തില്‍ ഏറെ നിലനിന്നത് ഭീതിപടര്‍ത്തി. തീപടര്‍ന്നത് ഒഴിഞ്ഞ കടകളിലേക്കായതിനാല് കൂടുതല്‍ ദുരന്തം ഒഴിവായി. ഏകദേശം 40 ലക്ഷം രൂപയോളം നഷ്ടമുണ്ടായതായാണ് പ്രാഥമിക വിലയിരുത്തലെന്ന് അഗ്നിശമനസേന അധികൃതര്‍ അറിയിച്ചു.