ഞായറാഴ്ച തെക്കന്‍ ബാത്തിനയിലെ സുവെക്കില്‍ തീരം തൊട്ട ഷഹീന്‍ ചുഴലിക്കാറ്റ് ഒമാനില്‍ കനത്ത നാശനഷ്ടങ്ങള്‍വരുത്തിവച്ചതായി റിപ്പോര്‍ട്ട്. എന്നാല്‍ ഇതുവരെ ഔദ്യോഗിക സ്ഥിരീകരണങ്ങള്‍ പുറത്ത് വന്നിട്ടില്ല. സുവെക്ക്, കബൂറാ വിലായത്തുകളിലെ താഴ്ന്ന പ്രദേശങ്ങളില്‍ വെള്ളം കെട്ടികിടക്കുന്നുണ്ട്.
തെക്കന്‍, വടക്കന്‍ ബാത്തിനാ ഗവര്‍ണറേറ്റില്‍ ഇപ്പോഴും മഴ തുടരുന്നു. ഞായറാഴ്ച ഒമാന്‍ സമയം രാത്രി എട്ട് മണിക്ക് ശേഷമായിരുന്നു മുസന്ന-സുവെക്ക് വിലായത്തുകളില്‍ അതിശക്തമായ കാറ്റോടും കനത്ത മഴയോടുംകൂടി ഷഹീന്‍ ചുഴലിക്കാറ്റ് ആഞ്ഞടിച്ചത്. മണിക്കൂറില്‍ 120 മുതല്‍ 150 കിലോമീറ്റര്‍ വരെ വേഗതയില്‍ കാറ്റടിച്ചു.
പിന്നീട് വേഗത 102- 116 കിലോമീറ്ററായി കുറഞ്ഞു. പലയിടങ്ങളിലും വാഹനത്തിനുള്ളില്‍ കുടുങ്ങിക്കിടക്കുന്നവരെ ഒമാന്‍ ദുരന്ത നിവാരണ സേന രക്ഷപെടുത്തി സുരക്ഷിതസ്ഥാനങ്ങളിലേക്ക് നീക്കി. ഇതുവരെ പുറത്ത് വന്ന ഔദ്യോഗിക റിപോര്‍ട്ടുകള്‍ അനുസരിച്ച് ഒരു കുട്ടി ഉള്‍പ്പെടെ ഒമാനില്‍ മൂന്ന് പേര്‍ മരിച്ചു.