കോണ്‍ഗ്രസ് നേതാക്കളായ രാഹുല്‍ ഗാന്ധിക്കും പ്രിയങ്കാ ഗാന്ധിക്കും ലഖിംപൂര്‍ സന്ദര്‍ശിക്കാന്‍ അനുമതി. രാഹുലിനും പ്രിയങ്കയ്ക്കുമൊപ്പം മറ്റ് രണ്ട് പേര്‍ക്കും ലഖിംപൂര്‍ സന്ദര്‍ശിക്കാനാണ് അനുമതി നല്‍കിയിരിക്കുന്നത്. ആക്രമണത്തില്‍ കൊല്ലപ്പെട്ടവരുടെ കുടുംബത്തെ രാഹുല്‍ ഗാന്ധി ഉള്‍പ്പെടെയുള്ള നേതാക്കള്‍ വൈകിട്ടോടെ സന്ദര്‍ശിക്കും.
രാഹുല്‍ ഗാന്ധിക്കും പ്രിയങ്കയ്ക്കുമൊപ്പം ഛത്തീസ്ഗഡ് മുഖ്യമന്ത്രി ഭൂപേഷ് ബാഗല്‍, പഞ്ചാബ് മുഖ്യമന്ത്രി ചരണ്‍ജിത് സിംഗ് ഛന്നി എന്നിവര്‍ക്കുമാണ് ലഖിംപൂര്‍ ഖേരി സന്ദര്‍ശിക്കാന്‍ അനുമതി നല്‍കിയിരിക്കുന്നത്. 144 നിലനില്‍ക്കുന്ന സാഹചര്യത്തില്‍ ആര്‍ക്കും പ്രവേശനം അനുവദിക്കില്ലെന്നായിരുന്നു യു.പി പൊലീസിന്റെ നിലപാട്.
എന്നാല്‍ ലഖിംപൂരും സീതാപൂരും സന്ദര്‍ശിക്കുമെന്ന നിലപാട് ആവര്‍ത്തിച്ച് രാഹുല്‍ ഗാന്ധി ഇന്ന് രാവിലെ വാര്‍ത്താസമ്മേളനം നടത്തി. ശക്തമായ നടപടിയുമായി പ്രതിപക്ഷം മുന്നോട്ടുനീങ്ങുമെന്ന സാഹചര്യം വന്നതോടെ ഉത്തര്‍പ്രദേശ് പൊലീസ് അയയുകയായിരുന്നു. കൂടുതല്‍ ആളുകളെ കൂട്ടരുത്, സമാധാനപരമായ രീതിയിലായിരിക്കണം സന്ദര്‍ശനം തുടങ്ങിയ വ്യവസ്ഥകളുണ്ട്.
അതേസമയം, കരുതല്‍ തടങ്കലിലുള്ള പ്രിയങ്കാ ഗാന്ധിയെ ഉടന്‍ മോചിപ്പിക്കുമെന്നാണ് വിവരം. കഴിഞ്ഞ ദിവസമാണ് ലഖിംപൂര്‍ ഖേരിയില്‍ കര്‍ഷകര്‍ക്ക് നേരെ അതിക്രമം നടന്നത്. കേന്ദ്രമന്ത്രി അജയ് മിശ്രയുടെ മകന്‍ ആശിഷ് മിശ്ര ഓടിച്ച കാര്‍ കര്‍ഷകര്‍ക്കിടയിലേക്ക് ഇടിച്ചു കയറ്റുകയായിരുന്നു. നാല് കര്‍ഷകര്‍ ഉള്‍പ്പെടെ എട്ട് പേരാണ് കൊല്ലപ്പെട്ടത്. സംഭവം രാജ്യ വ്യാപകമായ വിമര്‍ശനങ്ങള്‍ക്ക് ഇടയാക്കിയിട്ടുണ്ട്.