ഇന്ത്യന്‍ കാര്‍ഷിക കൗണ്‍സിലിന്റെ 2020 വര്‍ഷത്തെ ബിരുദാനന്തര ബിരുദ പ്രവേശന പരീക്ഷകളില്‍ കൂടുതല്‍ പോസ്റ്റ് ഗ്രാജ്വേറ്റ് സ്കോളര്‍ഷിപ്പുകള്‍ നേടിയ കേരള വെറ്ററിനറി ആന്‍ഡ് ആനിമല്‍ സയന്‍സസ് സര്‍വകലാശാലക്ക് (കെ.വി.എ.എസ്.യു) ദേശീയ അവാര്‍ഡ്.
ഇന്ത്യന്‍ കാര്‍ഷിക കൗണ്‍സിലിെന്റ ആഭിമുഖ്യത്തില്‍ രാജ്യാന്തരതലത്തില്‍ വിവിധ കാര്‍ഷിക അനുബന്ധ ബിരുദാനന്തര ബിരുദ കോഴ്സുകളിലേക്ക് നടത്തുന്ന പ്രവേശന പരീക്ഷകളില്‍ ഉന്നത വിജയം നേടി സ്കോളര്‍ഷിപ്പിന് അര്‍ഹരാകുന്ന വിദ്യാര്‍ഥികളുടെ എണ്ണത്തിന്റെ അടിസ്ഥാനത്തില്‍ മാതൃ സര്‍വകലാശാലകള്‍ക്ക് നല്കുന്ന പുരസ്കാര വിഭാഗത്തില്‍ വെറ്ററിനറി ഫിഷറീസ് വിഭാഗത്തില്‍ ഏറ്റവും കൂടുതല്‍ വിദ്യാര്‍ഥികള്‍ക്ക് സ്കോളര്‍ഷിപ്പ് ലഭിച്ച രണ്ടാമത്തെ സര്‍വകലാശാല എന്ന നിലയിലാണ് അവാര്‍ഡ് ലഭിച്ചത്.
രാജ്യത്ത് ഏറ്റവും കൂടുതല്‍ ബിരുദാനന്തര ബിരുദ സ്കോളര്‍ഷിപ്പുകള്‍ നേടിയ വിദ്യാര്‍ഥികളുടെ എണ്ണത്തില്‍ ദേശീയതലത്തില്‍ തമിഴ്നാട്ടിലെ ഫിഷറീസ് യൂനിവേഴ്സിറ്റിക്കാണ് ഒന്നാം സ്ഥാനം. രാജ്യത്തെ എല്ലാ കാര്‍ഷിക, വെറ്ററിനറി, ഫിഷറീസ് സര്‍വകലാശാലകളിലെയും വൈസ് ചാന്‍സലര്‍മാര്‍ ഉള്‍പ്പെട്ട യോഗത്തിലാണ് പുരസ്കാരം സമ്മാനിച്ചത്.
ന്യൂഡല്‍ഹിയിലെ ഐ.സി.എ.ആര് ആസ്ഥാനത്ത് നടന്ന ചടങ്ങില്‍ ഇന്ത്യന്‍ കാര്‍ഷിക ഗവേഷണ കൗണ്‍സില്‍ ഡയറക്ടര്‍ ജനറല്‍ ഡോ. ത്രിലോചന്‍ മൊഹാപാത്രയില്നിന്ന് കേരള വെറ്ററിനറി ആനിമല്‍ സയന്‍സസ് സര്‍വകലാശാല വൈസ് ചാന്‍സലര്‍ ഡോ. എം.ആര്. ശശീന്ദ്രനാഥ് പുരസ്കാരം ഏറ്റുവാങ്ങി.