തമിഴ്‌നാട്ടില്‍ ഗ്രാമീണ തദ്ദേശ തെരഞ്ഞെടുപ്പില്‍ സൂപെര്‍സ്റ്റാര്‍ വിജയ്‌യുടെ ഫാന്‍സ് അസോസിയേഷന് തിളക്കമാര്‍ന്ന വിജയം. സ്വതന്ത്രരായി മത്സരിച്ച വിജയ് ആരാധകര്‍ 169 സീറ്റുകളില്‍ 115 ഇടങ്ങളിലും വിജയം സ്വന്തമാക്കി. രാഷ്ട്രീയ പ്രവേശനത്തെ കുറിച്ച് ഇതുവരെ വിജയ് വിട്ടുപറഞ്ഞിട്ടില്ലെങ്കിലും ഭാഗ്യപരീക്ഷണത്തിനിറങ്ങിയ ആരാധക കൂട്ടത്തിന് തെറ്റിയില്ലെന്ന് ഈ വിജയം കാണിക്കുന്നു.
തമിഴ്‌നാട്ടിലെ ഒമ്ബത് ജില്ലകളിലെ ജില്ലാപഞ്ചായത്ത്, പഞ്ചായത്ത് യൂണിയന്‍, ഗ്രാമ പഞ്ചായത്ത് എന്നിവിടങ്ങളിലേക്ക് നടന്ന തെരഞ്ഞെടുപ്പില്‍ സ്വതന്ത്ര സ്ഥാനാര്‍ഥികളായിട്ടാണ് വിജയ് മക്കള്‍ ഇയക്കം അംഗങ്ങള്‍ മത്സര കളത്തിലിറങ്ങിയത്. 169 പേരില്‍ 115 പേര്‍ വിജയിച്ചു. 13 പേര്‍ എതിരില്ലാതെയാണ് വിജയക്കൊടി പാറിച്ചത്.
തെരഞ്ഞെടുപ്പ് കമീഷനില്‍ രെജിസ്റ്റര്‍ ചെയ്യാത്തതിനാല്‍ സ്വതന്ത്രരായിട്ടായിരുന്ന് മത്സരമെന്ന് സ്ഥാനാര്‍ഥികള്‍ പറഞ്ഞു. തദ്ദേശ തെരഞ്ഞെടുപ്പില്‍ മത്സരിക്കാന്‍ താരം ആരാധക സംഘടനയ്ക്ക് അനുമതി നല്‍കിയിരുന്നു. സംഘടനയുടെ പതാകയും പേരും ഉപയോഗിക്കുന്നത് വിലക്കുകയും ചെയ്തു. പിതാവ് ചന്ദ്രശേഖര്‍ രൂപീകരിച്ച പാര്‍ടിയെ വിജയ് ശക്തമായി എതിര്‍ത്തിരുന്നു.