സംസ്ഥാനത്ത് മഴ വീണ്ടും ശക്തമാകുന്ന സാഹചര്യത്തില്‍ ഡിപ്പോകള്‍ക്ക് ജാഗ്രതാ നിര്‍ദേശവുമായി കെഎസ്‌ആര്‍ടിസി. ബസിന്റെ ടയറിന്റെ പകുതിയില്‍ കൂടുതല്‍ ഉയരത്തില്‍ വെള്ളം കയറുന്ന സാഹചര്യങ്ങളില്‍ കൂടി വാഹനം ഓടിക്കരുതെന്ന് ഡ്രൈവര്‍മാരോട് കെഎസ്‌ആര്‍ടിസി നിര്‍ദേശിച്ചു. റോഡില്‍ വെള്ളമുള്ളപ്പോള്‍ ഡ്രൈവര്‍ക്ക് നിയന്ത്രണം നഷ്ടപ്പെടാനും വാഹനങ്ങള്‍ അപകടത്തില്‍പ്പെടാനും സാധ്യതയുള്ളതിനാല്‍ കൂടുതല്‍ ജാഗ്രത പുലര്‍ത്തണം.
വെള്ളപ്പൊക്കമുണ്ടാകാന്‍ സാധ്യതയുള്ള സ്ഥലത്താണ് ഗാരേജെങ്കില്‍ ബസ് സുരക്ഷിത സ്ഥലത്തേക്ക് മാറ്റണമെന്നും നിര്‍ദേശമുണ്ട്. റാന്നി, മല്ലപ്പള്ളി, പന്തളം, എടത്വാ, കുളത്തൂപ്പുഴ തുടങ്ങി മുമ്ബ് വെള്ളപ്പൊക്കം ഉണ്ടായിട്ടുള്ള യൂണിറ്റുകളില്‍ രാത്രി മുഴുവന്‍ പ്രത്യേക ശ്രദ്ധ വേണം.ഏത് അടിയന്തര സാഹചര്യത്തിലും ബസ് മാറ്റാന്‍ തയ്യാറെടുപ്പ് നടത്തണം. എല്ലാ ഡിപ്പോയിലും ഏതു സമയത്ത് ആവശ്യപ്പെട്ടാലും അഞ്ച് ബസ് ഡ്രൈവര്‍മാര്‍ സഹിതം തയാറാക്കി നിര്‍ത്തണമെന്നും കെഎസ്‌ആര്‍ടിസി നിര്‍ദേശിച്ചു.