കുഞ്ഞിനെ ദത്ത് നല്‍കിയ സംഭവവുമായി ബന്ധപ്പെട്ട് സിപിഐഎം തിരുവന്തപുരം ജില്ലാ സെക്രട്ടറി ആനാവൂര്‍ നാഗപ്പന്റെ പ്രസ്താവനയെ തള്ളി അനുപമയും അജിത്തും. തന്നെ ഭീഷണിപ്പെടുത്തിയിരുന്നെന്ന് അജിത്തും പാര്‍ട്ടി സെക്രട്ടറി പറയുന്നതെല്ലാം കളവാണെന്ന് അനുപമ പ്രതികരിച്ചു.
അനുപമയുടെ വാക്കുകള്‍; ‘പാര്‍ട്ടി ഇപ്പോള്‍ പിന്തുണ അറിയിച്ചതിന് നന്ദി. പക്ഷേ ഇപ്പോഴല്ലായിരുന്നു ആ പിന്തുണ വേണ്ടിയിരുന്നത്. ഒരു തവണ ആനാവൂര്‍ നാഗപ്പന്‍ ചേട്ടനെ വിളിച്ചിരുന്നു. തന്റെ കുഞ്ഞിന്റെ കാര്യം അന്വേഷിക്കാനല്ല പാര്‍ട്ടി. സമ്മതത്തോടുകൂടിയല്ലേ കുഞ്ഞിനെ കൊടുത്തതെന്നും തങ്ങള്‍ക്ക് ഇക്കാര്യത്തില്‍ ഒന്നും ചെയ്യാനില്ലെന്നുമാണ് അദ്ദേഹം പറഞ്ഞത്.
തന്നെ ആനാവൂര്‍ നാഗപ്പന്‍ ഭീഷണിപ്പെടുത്തിയിരുന്നെന്നും ജീവിക്കാന്‍ സമ്മതിക്കില്ലെന്നും പറഞ്ഞിരുന്നതായി അനുപമയുടെ ഭര്‍ത്താവ് അജിത്ത് പ്രതികരിച്ചു. സംഭവത്തില്‍ അമ്മക്ക് കുഞ്ഞിനെ കിട്ടണം എന്നാണ് പാര്‍ട്ടി നിലപാടെന്നായിരുന്നു ആനാവൂര്‍ നാഗപ്പന്റെ പ്രതികരണം.
അനുപമയുടെ അച്ഛനും പാര്‍ട്ടി ലോക്കല്‍ കമ്മിറ്റി അംഗവുമായ ജയചന്ദ്രനോട് കുഞ്ഞിനെ വിട്ടുനല്‍കണമെന്ന് ആവശ്യപ്പെട്ടിരുന്നു. കുഞ്ഞിനെ ശിശുക്ഷേമ സമിതിയില്‍ ഏല്‍പ്പിച്ചെന്നായിരുന്നു മറുപടി. അനുപമയോട് നിയമപരമായി നീങ്ങണമെന്ന് നിര്‍ദേശം നല്‍കിയതായും ആനാവൂര്‍ നാഗപ്പന്‍ മാധ്യമങ്ങളോട് പറഞ്ഞു.