Breaking News

‘ഷൂട്ടിംഗ് തടഞ്ഞാല്‍ കൈയും കെട്ടി നോക്കിനില്‍ക്കില്ല, ശക്തമായി നേരിടും ‘ കടുപ്പിച്ച്‌ മുഖ്യമന്ത്രി….

ഷൂട്ടിംഗ് തടഞ്ഞുകൊണ്ടുള‌ള യൂത്ത് കോണ്‍ഗ്രസ്, മഹിളാ കോണ്‍ഗ്രസ് സംഘടനകളുടെ സമരത്തിനെതിരെ നിലപാട് കടുപ്പിച്ച്‌ മുഖ്യമന്ത്രി പിണറായി വിജയന്‍. സംസാരിക്കാനും ഇഷ്‌ടമുള‌ള തൊഴില്‍ ചെയ്യാനും കൂട്ടംകൂടാനുമെല്ലാം സ്വാതന്ത്ര്യമുള‌ള നാടാണിത്. നിര്‍ഭയമായി തൊഴില്‍ ചെയ്‌ത് ജീവിക്കുന്നതിനെ സംഘടിതമായ ആള്‍ക്കൂട്ടം തടയുന്നതിലേക്ക് തിരിഞ്ഞാല്‍ സര്‍ക്കാരിന് കൈയും കെട്ടി നോക്കി നില്‍ക്കാന്‍ കഴിയില്ലെന്ന് മുഖ്യമന്ത്രി നിയമസഭയില്‍ അറിയിച്ചു.

എം. മുകേഷിന്റെ സബ്‌മിഷന് മറുപടി നല്‍കുകയായിരുന്നു മുഖ്യമന്ത്രി. മൗലികമായ സ്വാതന്ത്ര്യങ്ങള്‍ ഭരണഘടന അനുവദിച്ച നാടാണിത്. ആ അവകാശങ്ങളില്‍ കടന്നുകയ‌റ്റമുണ്ടായാല്‍ രാജ്യത്തെ ഭരണഘടനയ്‌ക്ക് നേരെയുള‌ള ആക്രമണമാണത്. ചലച്ചിത്ര പ്രവര്‍ത്തകരെ ജോലിസ്ഥലത്ത് ആക്രമിക്കുന്നത് ഇത്തരം ഭരണഘടനാപരമായ കാര്യങ്ങള്‍ തങ്ങള്‍ക്ക് ബാധകമല്ല എന്ന പ്രഖ്യാപനമാണ്.

നിയമം കൈയിലെടുക്കാന്‍ ആരെയും അനുവദിക്കില്ലെന്നും ആവിഷ്‌കാര സ്വാതന്ത്ര്യത്തിന് മേലുള‌ള ഏതുവിധം കൈയേ‌റ്റത്തെയും ശക്തമായി നേരിടുമെന്നും മുഖ്യമന്ത്രി സഭയില്‍ അറിയിച്ചു. പൗരസ്വാതന്ത്ര്യവും നിയമപാലനവും ജനാധിപത്യവും സര്‍ക്കാര്‍ ഉറപ്പാക്കുമെന്നും മുഖ്യമന്ത്രി പറഞ്ഞു. എന്ത് ചെയ്യണമെന്നും ഏത് വസ്‌ത്രം ധരിക്കണമെന്നും തിട്ടൂരമിറക്കുന്ന അപരിഷ്‌കൃതരായ സമൂഹദ്രോഹികളുണ്ട്.

സിനിമ ചിത്രീകരണം നടക്കുന്നയിടത്ത് കടന്നുകയറി അക്രമം കാട്ടുകയും നിരോധനം കല്‍പിക്കുകയും ചെയ്യുന്നത് ഇത്തരം ഫാസിസ്‌റ്റ് മനോഭാവമാണ്. ഭയമില്ലാതെയും സ്വതന്ത്രമായും തൊഴിലെടുത്ത് ജീവിക്കാനനുവദിക്കില്ലെന്ന് ഒരുശക്തിയ്‌ക്കും തീരുമാനിക്കാന്‍ അവകാശമില്ലെന്നും അത്തരം ശ്രമങ്ങള്‍ക്കെതിരെ ശക്തമായ നടപടിയുണ്ടാകുമെന്നും മുഖ്യമന്ത്രി മുന്നറിയിപ്പ് നല്‍കി.

ഒരു നടന്റെ പേരുപറഞ്ഞ് അദ്ദേഹം അഭിനയിക്കുന്ന ചിത്രീകരണം അനുവദിക്കില്ലെന്ന അക്രോശം ഒറ്റപ്പെട്ട സംഭവമായി കാണാനാകില്ല, ആസൂത്രിത തീരുമാനം അതിനുപിന്നിലുണ്ട്. ഫാസിസ്‌റ്റ് രീതികള്‍ക്ക് വളക്കൂറുള‌ള മണ്ണല്ല ഇതെന്ന് കണ്ട് ഇത്തരക്കാര്‍ സ്വയം പിന്മാറണമെന്നും മുഖ്യമന്ത്രി ആവശ്യപ്പെട്ടു.

About NEWS22 EDITOR

Check Also

തരിശുനിലങ്ങളിൽ കുട്ടനാടൻ മോഡലിൽ വിളഞ്ഞത് നൂറുമേനി.

പുത്തൂർ പവിത്രേശ്വരം പഞ്ചായത്തിൽ വർഷങ്ങളായി തരിശായി കിടന്ന ഏക്കർ കണക്കിന് ഏലയിൽ നടത്തിയ നെൽകൃഷി നൂറുമേനി വിളവെടുത്തു .ഉത്സവം നാടിന് …